ഇറ്റലിയിൽ വെെശാഖി ഉത്സവത്തിനിടെ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു
റോം: ഇറ്റലിയിൽ വെെശാഖി ഉത്സവത്തിനിടെ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. ഉത്സവത്തിനായി സിഖ് വിഭാഗക്കാർ ഒത്തുകൂടിയശേഷം ഗുരുദ്വാരയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച അർദ്ധരാത്രി ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് സമീപമാണ് സംഭവം നടന്നത്. കോവോ നിവാസിയായ രഗീന്ദർ സിംഗ് (48), അഗ്ഡെല്ലോ നിവാസിയായ ഗുർമിത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമി രണ്ടുപേരെയും വെടിവച്ചശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.
ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർത്തയാളും ഇന്ത്യക്കാരനാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 10ഓളം ഷെൽ കേസിങ്ങുകളും കണ്ടെടുത്തു. ആക്രമണത്തിനിടെ മറ്റൊരാൾക്കും പരിക്കേറ്റു. അക്രമിയെ കണ്ടെത്താനായി തെരച്ചിൽ ഊർജ്ജിതമാക്കി.