നെട്ടൂരിൽ രാത്രിയാത്രക്കാരെ ഭയപ്പെടുത്തുന്നയാൾ പിടിയിൽ

Monday 20 April 2026 2:46 AM IST

കൊച്ചി: നെട്ടൂരിൽ രാത്രികാലങ്ങളിൽ കാർ യാത്രക്കാരെയും കാൽനടയാത്രക്കാരെയും തടഞ്ഞുനിറുത്തി ഭയപ്പെടുത്തിയിരുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. നെട്ടൂർ സ്വദേശി സനൂപാണ് (38) അറസ്റ്റിലായത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്നവരുടെ മുന്നിലേക്ക് ചാടിവീണ് ഭയപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി.

ഒരു യാത്രക്കാരൻ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പനങ്ങാട് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി പിടിയിലായ വിവരം സിറ്റി പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്.

സനൂപ് ലഹരിക്ക് അടിമയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. സമാനമായി മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.