ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

Sunday 19 April 2026 7:08 PM IST

അജ്മീര്‍ (രാജസ്ഥാന്‍): ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 31 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവര്‍ രണ്ടും സ്ത്രീകളാണ്. യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അജ്മീറില്‍ നിന്ന് പുഷ്‌കറിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പൂജ (28), വിമല ദേവി (50) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സഞ്ജീസറിന് സമീപം വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പ്രധാന പാതയില്‍നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചക്കിടെ കൊക്കയിലെ മരങ്ങളിലും കുറ്റിച്ചെടികളിലും ബസ് തങ്ങിനിന്നതിനാലാണ് മരണസംഖ്യ ഉയരാതിരുന്നത്. അപകടം നടന്ന ഉടന്‍തന്നെ പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

മറ്റ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ പരസ്പരം കൂട്ടിക്കെട്ടി വടമുണ്ടാക്കി താഴെയിറങ്ങുകയും പരിക്കേറ്റവരെ ഓരോരുത്തരെയായി മുകളിലേക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് എസ്.ഡി.ആര്‍.എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പുഷ്‌കറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ചിലരെ പിന്നീട് അജ്മീറിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലേക്ക് മാറ്റി.