പൊള്ളുന്ന ചൂടും, ജലക്ഷാമവും കർഷകസ്വപ്നങ്ങൾ കരിഞ്ഞുണങ്ങുന്നു

Monday 20 April 2026 1:37 AM IST

വിതുര: കടുത്ത വേനൽചൂടിൽ മലയോരമേഖലയിലെ കൃഷികൾ ഉണങ്ങിനശിക്കുന്നു. വിളകൾ നനയ്ക്കാൻ പോലും ജലം കിട്ടാതെ വന്നതോടെ കർഷകരുടെ സ്വപ്നം പൊലിഞ്ഞു. പതിവിന് വിപരീതമായി ഇക്കുറി മലയോരത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഗ്രാമങ്ങൾ പൊരിവെയിലേറ്റ് പൊള്ളുകയാണ്. ഇടക്ക് നേരിയതോതിൽ വേനൽ മഴ പെയ്തെങ്കിലും കർഷകർക്ക് ഉപയോഗപ്രധമായില്ല. മേടച്ചൂടിന്റെ കാഠിന്യം മൂലം കുടിക്കാൻ പോലും ജലം ലഭിക്കുന്നില്ല. നദികൾ വറ്റിത്തുടങ്ങി. കിണറുകളിലും വേണ്ടത്ര വെള്ളമില്ല. ഡാമുകളിലെ ജലനിരപ്പും താഴ്ന്നു. നദികളിൽനിന്നും മറ്റും ജലം ശേഖരിച്ചാണ് കർഷകർ കൃഷിനടത്തിയിരുന്നത്. എന്നാൽ നദികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ ഏക്കർകണക്കിന് തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. കൃഷിഭവനുകളുടെ സഹകരണത്തോടെ വിഷുവിപണി ലക്ഷ്യമാക്കിയാണ് വ്യാപകമായി കൃഷി നടത്തിയിരുന്നത്. ഇക്കുറി പ്രതികൂല കാലാവസ്ഥയിലും ഓണത്തിന് മികച്ച വിളവാണ് ലഭിച്ചത്.

കർഷകർ കടക്കെണിയിൽ

പൊൻമുടി,ബോണക്കാട് മലയടിവാരത്തിൽ ധാരാളം കർഷകർ കൃഷി ഇറക്കിയിരുന്നു. കൂടുതലും ജൈവപച്ചക്കറികളാണ് കൃഷിനടത്തിയിരുന്നത്. ജൈവപച്ചക്കറികൾക്ക് നിലവിൽ വൻ ഡിമാൻഡാണ്. ചൂടും ജലക്ഷാമവും മൂലം കൃഷികൾ വ്യാപകമായി ഉണങ്ങി നശിച്ചതോടെ കർഷകർ കടക്കെണിയിലായി. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുള്ളതായി കർഷകർ പറയുന്നു. വേനൽക്കാലത്തനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച മിക്കജലസേചന പദ്ധതികളും ഫലം കണ്ടിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ ശേഷിക്കുന്ന കൃഷികൾ കൂടി ഉണങ്ങി നശിക്കുമെന്ന് കർഷകർ പറയുന്നു.

 മൃഗങ്ങൾ കാടിറങ്ങുന്നു

ചൂട് കൂടിയതോടെ വനമേഖലയും വരണ്ടുണങ്ങി. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിലും പതിവിന് വിപരീതമായി കടുത്തചൂടാണ് അനുഭവപ്പെടുന്നത്. ചൂട് മൂലം സഞ്ചാരികളുടെ വരവും കുറഞ്ഞിട്ടുണ്ട്. കാടിന്റെ വന്യതയും വേനലെടുത്തതോടെ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ചേക്കേറിതുടങ്ങി. കാട്ടാനയും കാട്ടുപോത്തും പുലിയും പന്നിയും വരെ പകൽസമയത്ത് ജനവാസമേഖലകളിലേക്ക് എത്തിയത് ജനത്തിന് ഭീഷണിയാണ്. ഭക്ഷണവും, ജലവും തേടിയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതെന്നാണ് വനപാലകർ പറയുന്നു.