മകന്‍ പ്രതിമാസം സമ്പാദിക്കുന്നത് 4500 രൂപ; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം
സിനിമ മേഖലയിലെ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ അതേ പാത പിന്തുടരുന്ന പതിവ് ഇന്ത്യയില്‍ വ്യാപകമാണ്. സ്വന്തം വഴി കണ്ടെത്തി സ്വതന്ത്രമായി ജീവിതം കെട്ടിപ്പടുക്കുന്നവരുടെ എണ്ണവും കുറവല്ല. ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ ജീവിച്ചുവരുന്ന ശൈലി, ആരാധകരുടെ കൂട്ടം ഇതെല്ലാം സ്വാഭാവികമായും താരപുത്രന്‍മാരേയും താരപുത്രിമാരേയും സിനിമാ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ മകന്‍ വ്യത്യസ്തനാണെന്നും ബോളിവുഡ് രംഗത്തേക്ക് കടന്ന് വരാന്‍ അവന്‍ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തുകയാണ് സൂപ്പര്‍താരം അക്ഷയ് കുമാര്‍.
ഒരു സ്വകാര്യ അഭിമുഖത്തിലാണ് മകന്‍ ആരവ് ഭാട്ടിയയെ കുറിച്ച് അക്ഷയ് കുമാര്‍ മനസ്സ് തുറന്നത്. മകന്‍ ഒരിക്കലും ബോളിവുഡ് താരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവന് ആഡംബര ജീവിതത്തില്‍ തീരെ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ആഗ്രഹിക്കുന്നത് ഫാഷന്‍ ലോകത്ത് സ്വന്തമായൊരു ഭാവി കെട്ടിപ്പടുക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരവ് ഇതിനകം തന്നെ ജോലി ചെയ്യാന്‍ തുടങ്ങിയെന്നും ഘട്ടം ഘട്ടമായി പ്രായോഗിക പരിചയം നേടിക്കൊണ്ടിരിക്കുകയാണെന്നും ജോലിയിലൂടെ മകന്‍ ചെറിയൊരു വരുമാനം നേടുന്നുണ്ടെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.
ഇപ്പോള്‍ പ്രതിമാസം 4500 രൂപ വരെ അവന്‍ അധ്വാനിച്ച് സ്വന്തമാക്കുന്നുണ്ട്. അത് ഒരു ചെറിയ കാര്യമായി കാണേണ്ട ഒന്നല്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഫാഷന്‍ ലോകത്തെ തന്റെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി മകന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യുന്നുവെന്നും അവിടെ കാണുന്ന കാര്യങ്ങളില്‍ നിന്ന് അവന്‍ പലതും പഠിക്കുന്നുണ്ടെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്നപ്പോലെ തന്നെ ജീവിത ശൈലിയിലും ഫിറ്റ്‌നെസിലും ആയോധന കലയിലുമെല്ലാം മകന്‍ ശ്രദ്ധിക്കാറുമുണ്ടെന്നും പിതാവ് പറയുന്നു.
തന്നെ സംബന്ധിച്ച് മകനെ സ്വതന്ത്രമായി വിടാനാണ് ആഗ്രഹിക്കുന്നത്. ഒരിക്കലും സ്വന്തം ഇഷ്ടങ്ങള്‍ മകനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. മകന്‍ 15-ാം വയസ്സില്‍ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയപ്പോള്‍ ഒരച്ഛന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ അവനില്‍ കണ്ടത് തന്റെ ഭൂതകാലത്തിന്റെ പ്രതിഫലനമായതിനാല്‍ അവനെ പിന്തുണച്ചുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ അടിസ്ഥാന കാര്യങ്ങള്‍ തൊട്ടുള്ളവയില്‍ സ്വയം പര്യാപത്‌നാണ് എന്നത് പിതാവെന്ന നിലയില്‍ അഭിമാനത്തോടെ നോക്കിക്കാണുന്ന ഒന്നാണെന്നും നടന്‍ പറഞ്ഞുനിര്‍ത്തി.