മന്തി പ്ലേറ്റിന് മുമ്പിൽ കണ്ണൻ; ഹോട്ടൽ ഉടമകളടക്കം മൂന്ന് പേർ അറസ്റ്റിൽ

Monday 20 April 2026 1:00 AM IST
A

മലപ്പുറം: മതസ്പർദ്ധ വളർത്തുംവിധം വിഷുദിനാശംസാ പോസ്റ്ററിട്ട ഹോട്ടൽ ഉടമകളടക്കം മൂന്ന് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം ഓരാടംപാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലാണ് മയിൽപ്പീലി ചൂടിയ കണ്ണൻ മന്തി പ്ലേറ്റിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവച്ചത്. ഹോട്ടൽ ഉടമകളും പൂക്കോട്ടൂർ സ്വദേശികളുമായ കുണ്ടുവയിൽ വീട്ടിൽ മുസ്തഫ, പെരപ്പുറത്ത് കിഴുവീട്ടിൽ ഷാഹുൽ ഹമീദ്, ഇവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എറാംതോട് സ്വദേശി തോട്ടുങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഹിൻ എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ പേരിൽ വിഷു ആശംസകൾ നേർന്ന് മുസ്തഫയുടെയും ഷാഹുൽ ഹമീദിന്റെയും സോഷ്യൽ മീഡിയയിൽ മുഹമ്മദ് ഷാഹിൻ നൽകിയ പരസ്യമാണ് വിവാദമായത്. പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും ചിത്രം സാമൂഹ്യമാദ്ധമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 14ന് പോസ്റ്റ് ചെയ്ത ചിത്രം 17നാണ് പിൻവലിച്ചത്. ഹിന്ദു ഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ചേർത്തലയിലേതിന് സമാനമാണ് നടപടിയെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്തും മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരുന്നു. കലാപം ഉണ്ടാക്കാനായി മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം സൃഷ്ടിച്ചുവെന്ന വകുപ്പാണ് ചുമത്തിയത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു.