ചാലക്കുടിപ്പാലത്തിന്റെ ഒരുഭാഗം അടച്ചു, ജനം കുരുങ്ങി
ചാലക്കുടി: ബെയറിംഗ് മാറ്റുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികൾക്കായി ദേശീയപാതയിലെ ചാലക്കുടിപ്പാലം അടച്ചു. പുഴയ്ക്ക് കുറുകയുള്ള എറണാകുളം-തൃശൂർ ദിശയിലെ പഴയ പാലമാണ് 6 ദിവസത്തേയ്ക്ക് അടച്ചിട്ടത്. ശനിയാഴ്ച രാത്രി 10 മുതൽ ഇതുവഴിയുള്ള വാഹനങ്ങളെ കിഴക്കുദിശയിലെ പാലത്തിലൂടെ കടത്തിവിട്ടു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ഇടവഴികളിലൂടെ ചെറു വാഹനങ്ങൾ തിരിച്ച് വിടുന്നുമുണ്ട്. ആറുമാസത്തിൽ ഒരിക്കൽ നടത്തുന്ന പരിശോധനയിലാണ് പഴയ പാലത്തിന്റെ ബെയറിംഗുകൾ കേടുവന്നതായി ബോദ്ധ്യപ്പെട്ടത്. 32 ബെയറിംഗുകൾ മാറ്റി പുതിയവ ഘടിപ്പിക്കും. പാലം പണിയുടെ ആദ്യദിവസം തന്നെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. തെക്ക്് മുരിങ്ങൂർ അടിപ്പാതവരെ വാഹനങ്ങൾ നിശ്ചലമായി കിടന്നു. വടക്കോട്ട്് ചാലക്കുടി നഗരസഭ ഓഫീസ് പരിസരം വരെയും ഗതാഗത സ്തംഭനമുണ്ടായി. നൂറുകണക്കിന് വാഹനങ്ങളാണ് കുരിക്കിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബസുകളും കല്യാണ പാർട്ടികളുടെ വാഹനങ്ങളും നട്ടംതിരിഞ്ഞു. നെടുമ്പാശേരി എയർപോർട്ടിലേയ്ക്കുള്ള വാഹനങ്ങളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഞായറഴ്ചയിലെ അവസ്ഥ ഇതാണെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ ഇതു പതിന്മടങ്ങ് വർദ്ധിക്കാനിടയുണ്ട്. ഗതാഗത നിയന്ത്രണത്തിന് പൊലീസ് സേവനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. കത്തുന്ന വെയിലിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
തലതിരിഞ്ഞ ബദൽ സംവിധാനം പാലം അറ്റകുറ്റപ്പണി നടക്കുന്ന വേളയിൽ പൊലീസ് നടപ്പിൽ വരുത്തിയ ഗതാഗത പരിഷ്‌കാരം കൂനിന്മേലെ കുരുവിന്റെ അവസ്ഥയായി. ദേശീയപാതയുടെ ഇരുദിശകളിൽ നിന്നുമെത്തുന്ന ചെറുവാഹനങ്ങളെ ചിറങ്ങരിയിലും കൊരട്ടിയിലും വച്ച്്് പഞ്ചായത്ത് റോഡുകളിലൂടെ തിരിച്ചു വിടുന്നതാണ് താത്ക്കാലിക സംവിധാനം. എന്നാൽ രണ്ടിടങ്ങളിലേയും വാഹനങ്ങൾ വീണ്ടും ദേശിയപാതയിൽ പ്രവേശിക്കുന്നത് ചാലക്കുടി പാലത്തിന് തൊട്ടു മുമ്പുള്ള മുരിങ്ങൂരിലും. പാലത്തിലെത്തുമ്പോൾ ഈ വാഹനങ്ങൾ വീണ്ടും ഗതാഗതക്കുരുക്കിൽപെടും. ഗതിമാറ്റി വിടുന്ന വാഹനങ്ങളെ പുഴമ്പാലം താണ്ടാതെ മറ്റിടങ്ങളിലേയ്ക്ക് മാറ്റി വിട്ടെങ്കിൽ മാത്രമെ ബദൽ സംവിധാനം മൂലം എന്തെങ്കിലും പ്രയോജനമുണ്ടാവുകയുള്ളു. 60 വർഷം പഴക്കമുള്ള പഴയ പാലം 1999 ലും ബെയറിംഗുകൾ മാറ്റി സ്ഥാപിക്കാൻ മൂന്നുമാസക്കാലം അടച്ചിട്ടു. അന്ന് ഒരു പാലം മാത്രമെ നിലവിലുണ്ടായിരുന്നുള്ളു. ഭാരമില്ലാത്ത വാഹനങ്ങളെ ഗർഡറിലൂടെ കടത്തി വിട്ടും മറ്റുള്ളവയെ മാള റോഡിലൂടെ തിരിച്ചു വിട്ടുമായിരുന്നു അന്നത്തെ ബദൽ ഏർപ്പാട്.