കൈത്തറി സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ

Monday 20 April 2026 12:20 AM IST

വക്കം: ചിറയിൻകീഴ് താലൂക്കിലെ കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. കൈനൂലിന്റെ വിലവർദ്ധന കാരണം ഡബിൾ മുണ്ടിന് ആയിരം രൂപയോളമാണ് വില. കൈനൂലിന്റെ ഉത്പാദനം കേന്ദ്ര ഗവണ്മന്റ് കുറച്ചതാണ് വില വർദ്ധിക്കാൻ കാരണമായത്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് കൈത്തറി സഹകരണ സംഘങ്ങൾ പൂട്ടാൻ കാരണം. സംഘങ്ങളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയിൽ ഉൾപ്പെടുത്തിയ നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന തരത്തിലല്ല. അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്ക സംഘങ്ങൾക്കും കിട്ടിയിട്ടില്ലായെന്നുമാണ് തൊഴിലാളികളുടെ പരാതി. കുറഞ്ഞ കൂലിനിരക്കും പ്രതിസന്ധിക്ക് കാരണമാണ്. ഇപ്പോഴുള്ള തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിച്ച് നൽകണം

പ്രവർത്തനം ഭാഗികമായി

അവനവഞ്ചേരി,​കൈലാത്തുകോണം,​കിഴുവിലം എന്നീ മൂന്നു സംഘങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏല്പിച്ചത് കൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിൽക്കുന്നത്.പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങിയതാണ് തിരിച്ചടിയായത്.

വിലയും കൂടി

ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700 രൂപയാണ് വില. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുന്ന അവസ്ഥയാണ്.

പ്രതികരണം: കൈത്തറി സംഘങ്ങളെ പഴയപടിയാക്കാൻ റിസർവേഷനുകൾ പുനഃസ്ഥാപിക്കണം. സംഘത്തെ പിടിച്ചു നിറുത്താനുള്ള നടപടികൾ അധികാരികൾ കെെക്കൊള്ളണം.

മുരളി.എം,സെക്രട്ടറി,​ചിറയിൻകീഴ്