ഏഴുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: മത്സ്യ വില്പനക്കാരൻ അറസ്റ്റിൽ

Monday 20 April 2026 12:24 AM IST

വെഞ്ഞാറമൂട്: മത്സ്യം വാങ്ങാനെത്തിയ ഏഴുവയസ്സുകാരിയെ വാഹനത്തിൽ കയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ മത്സ്യവില്പനക്കാരൻ അറസ്റ്റിൽ. വെമ്പായം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന തേക്കട കിഴക്കുങ്കര വീട്ടിൽ അൻസീറിനെയാണ് (47) പോക്സോ പ്രകാരം വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 16ന് രാവിലെ 7ഓടെയാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. സ്ഥിരമായി ഈ റൂട്ടിൽ മത്സ്യവില്പന നടത്തുന്ന ആളായതിനാലും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നതിനാലും ഇയാളെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു. മത്സ്യം വാങ്ങിയശേഷം കുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് പ്രതി തന്റെ ഗുഡ്സ് ഓട്ടോയിൽ ഡ്രൈവർ സീറ്റിന് സമീപം ഇരുത്തിക്കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി അയൽവാസികളോട് വിവരം പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.