ഇളംകാവിലമ്മയുടെ നടയിലേയ്ക്ക് മയിൽപ്പീലി തൂക്കങ്ങൾ എത്തിത്തുടങ്ങി

Tuesday 21 April 2026 3:08 AM IST

ചങ്ങനാശേരി: ഭക്തരുടെ വഴിപാടായി ഇളംകാവിലമ്മയുടെ നടയിലേയ്ക്കു അർജുന നൃത്ത കലാകാരന്മാർ മയിൽപ്പീലി തൂക്കമായി എത്തിത്തുടങ്ങി. ക്ഷേത്രത്തിലെ പത്താമുദയം ഉത്സവത്തിന്റെ ഭാഗമായി ആണ് തൂക്കം വഴിപാട് നടത്തുന്നത്. ആദ്യ നാല് ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. വനവാസ കാലത്ത് ദുരിതങ്ങൾ ഒഴിയാൻ പഞ്ച പാണ്ഡവരുടെ മാതാവായ കുന്തി കുല ദേവതയായ ഭദ്രകാളിയ്ക്ക് നേർന്ന നേർച്ചയായിട്ടാണ് തൂക്കം വഴിപാടിന്റെ ഐതിഹ്യം. കഷ്ടതകൾ കഴിഞ്ഞ് തന്റെ അഞ്ച് പുത്രന്മാരിൽ വില്ലാളി വീരനായ അർജ്ജുനനെ ഭദ്രകാളിയ്ക്ക് ബലി ആയി നൽകുന്നെന്നാണ് ഐതിഹ്യം. മുരുകൻ നൽകിയ മയിൽപ്പീലി വസ്ത്രങ്ങളും കൃഷ്ണൻ തെളിയിക്കുന്ന തേരുമായി നൃത്തം ചെയ്ത് ദേവിയെ പ്രീതിപെടുത്തുന്നു. ഈ സങ്കൽപ്പത്തിലാണ് ഇന്നും ക്ഷേത്രത്തിൽ മയിൽപ്പീലി തൂക്കം ഭക്തരുടെ വഴിപാട് ആയി നടത്തുന്നത്. അർജ്ജുന നൃത്ത കലാകാരൻമാരായ കുറിച്ചി നടേശൻ , മുകുന്ദൻ കുന്നംകരി, പ്രമോദ് ഇത്തിത്താനം എന്നിവരുടെ നേതൃത്വത്തിൽ ആണ് തൂക്കം നടത്തുന്നത്.