മണിപ്പൂരിൽ വീണ്ടും സംഘർഷം: 2 മരണം

Monday 20 April 2026 1:35 AM IST

ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ സായുധ സംഘം നടത്തിയ വെടിവയ്പിൽ വിരമിച്ച സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. തഷാൻ ഗ്രാമത്തിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ചൈനോഷാംഗ് ഷോക്വംഗ്‌നാവോ, ഖരസോം ഗ്രാമത്തിൽ നിന്നുള്ള യരുയിംഗം വാഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ലിറ്റാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി.എം കാസോം ഗ്രാമത്തിലായിരുന്നു സംഭവം. ഇംഫാലിൽ നിന്ന് ഉഖ്രുലിലേക്ക് വരികയായിരുന്ന സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു.

കാറിന്റെ മുൻസീറ്റിലിരുന്ന ചൈനോഷാംഗ് സംഭവസ്ഥലത്ത് മരിച്ചു. പരിക്കേറ്റ വാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ മൂന്ന് കാറുകളുടെ വിൻഡ്ഷീൽഡുകളും പിൻവശത്തെ ചില്ലുകളും തകർന്നു. അക്രമത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് അറിയിച്ചു.

അതേസമയം, ആക്രമണത്തിൽ കുക്കി വിഭാഗത്തിന് പങ്കില്ലെന്ന് കുക്കി സോ കൗൺസിൽ പറഞ്ഞു. കുക്കി സായുധ ഗ്രൂപ്പുകളാണ് ആക്രണത്തിന് പിന്നിലെന്ന് തങ്ഖുൽ നാഗാ ലോംഗ് സംഘടന ആരോപിച്ചു.