സോളാർ ബോട്ട് കായലിൽ കുടുങ്ങി

Monday 20 April 2026 2:28 AM IST

വൈക്കം: വൈക്കം - തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന പുതിയ സോളാർ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് യാത്രക്കാരുമായി മുക്കാൽ മണിക്കൂറോളം വേമ്പനാട്ട് കായലിൽ വട്ടംചുറ്റി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ശേഷം യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് തവണക്കടവിലേയ്ക്ക് പുറപ്പെട്ട ബോട്ട് വൈക്കം ജെട്ടിയിൽ നിന്ന് നീങ്ങിയപ്പോൾ യന്ത്ര തകരാർ സംഭവിക്കുകയായിരുന്നു. ബോട്ടിലെ രണ്ട് എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്ന് ശക്തമായ കാറ്റിൽ മുന്നോട് പോകാനാവാതെ ബോട്ട് കായലോരത്തേക്ക് നീങ്ങി. ജീവനക്കാരുടെ കഠിന പരിശ്രമത്തെ തുടർന്ന് കൽക്കെട്ടിലും കുറ്റികളിലും തട്ടാതെ ബോട്ട് കെ.ടി.ഡി.സി മോർട്ടലിന് സമീപം പിടിച്ചു കെട്ടി. തുടർന്ന് റെസ്‌ക്യു ബോട്ടെത്തിച്ച് ബോട്ടിൽ കയർ ബന്ധിച്ച് തീരത്തുനിന്ന് പുറംകായലിലേക്ക് വലിച്ച് നീക്കിയാണ് 2.50 ഓടെ സർവീസ് പുനരാരംഭിച്ചത്.

ചിത്രം

വൈക്കത്ത് തകരാറിലായ സോളാർ ബോട്ട് വടം കെട്ടി നീക്കുന്നു