എ.സിക്ക് ചൂടൻ വിൽപ്പന

Monday 20 April 2026 2:30 AM IST

കോട്ടയം: പൊള്ളുന്ന വേനൽച്ചൂടിൽ എ.സി വിപണിക്ക് നല്ലകാലം. മുൻ വർഷങ്ങളിലേത് പോലെ ഇത്തവണ ജനുവരി മുതൽ എ.സി വിൽപ്പന സജീവമായി. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ എ.സിക്ക് വിൽപ്പന കൂടുന്നത്. ഇത്തവണ നേരത്തേ തന്നെ അന്വേഷണങ്ങളും വിൽപ്പനയും ആരംഭിച്ചു. സീസൺ പ്രമാണിച്ച് ഓഫറുകളുമുണ്ട്. ഒരു ടണിന്റെ എ.സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് വിൽപ്പന. കുറവ് വൈദ്യുതി വേണ്ടവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. ചൂട് താങ്ങാൻ കഴിയാതായതോടെ ഒരു വീട്ടിൽ ഒന്നിലധികം എ.സികൾ ഫിറ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടി.

വീട് പണിക്കൊപ്പം എ.സി

പുതിയ വീട് പണിയുമ്പോൾ ഫാനിനൊപ്പം എ.സികൂടി വാങ്ങുന്നവരാണ് ഏറെയും. ഗ്യാരന്റി, വാറന്റി, സർവീസ്, ബ്രാൻഡ് മൂല്യം തുടങ്ങിയവയാണ് വില നിശ്ചയിക്കുന്നത്. ഇന്റർനെറ്റ് വഴി പ്രവർത്തനം നിയന്ത്രിക്കാവുന്ന വൈഫൈ മോഡലുകളും വിപണിയിലുണ്ട്. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും. തുടക്കകാലത്ത് വൈഫൈ മോഡലുകൾക്ക് വൻ വിലയായിരുന്നു. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

ഓഫറുകളുടെ പൂക്കാലം

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയാണ് കമ്പനി അധികൃതർ പങ്കുവയ്ക്കുന്നത്. കൂടുതൽ പേരും തവണ വ്യവസ്ഥയിൽ എ.സി വാങ്ങുന്നവരാണ്. പലിശ രഹിത വ്യവസ്ഥയിലുള്ള ഫിനാൻസ് കമ്പനികളെക്കൂടാതെ ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നുണ്ട്.