ഇറാന് വേണ്ടി അമേരിക്കയിൽ താമസിച്ച് നടത്തിയത് കോടികളുടെ ആയുധ കച്ചവടം, ഇറാൻ വംശജ പിടിയിൽ

Monday 20 April 2026 7:19 AM IST

ലോസാഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി കോടികളുടെ ആയുധ കച്ചവടം നടത്തിയ ഇറാൻ വംശജ അമേരിക്കയിൽ പിടിയിൽ. ഷമീം മാഫി എന്ന 44കാരിയാണ് ആയുധ കച്ചവടമടക്കം നടത്തിയതിന് ലോസാഞ്ചലസ് വിമാനത്താവളത്തിൽ ശനിയാഴ്‌ച പിടിയിലായത്. സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ ആഭ്യന്തര യുദ്ധ ആവശ്യത്തിനുള്ള ആയുധങ്ങൾ എന്നിവ ഷമീമിന്റെ പക്കൽ നിന്ന് പിടിച്ചെടുത്തു. ഇക്കാര്യം ദി ന്യൂയോർക്ക് ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമപ്രകാരമല്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കേസ് ഷമീം മാഫി‌ക്കെതിരെ കാലിഫോർണിയ സെൻട്രൽ ഡിസ്‌ട്രിക്‌ടിലെ യുഎസ് അറ്റോ‌ർണി ഓഫീസ് ചുമത്തിയിട്ടുണ്ട്. അറ്റ്‌ലസ് ഇന്റർനാഷണൽ ബിസിനസ് എന്ന പേരിൽ ഒമാൻ ആസ്ഥാനമായി ഒരു കമ്പനി രജിസ്‌റ്റ‌ർ ചെയ്‌തായിരുന്നു ആയുധ കച്ചവടം നടത്തിവന്നത്. 2023 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിലേക്ക് പ്രതിരോധ മന്ത്രാലയത്തിന് 55000 ബോംബ് ഫ്യൂസുകൾ കൈമാറി.ഇറാനിയൻ ആയുധമായ മൊഹാജെ‌ർ-6 സായുധ ഡ്രോണുകൾക്കായി 70 മില്യൺ ഡോളർ വിലവരുന്ന കരാറിലേർപ്പെട്ടു. ഇത്തരത്തിൽ വമ്പൻ ആയുധകച്ചവടം നടത്താൻ യാതൊരു നിയമപരമായ അവകാശവും ഷമീം മാഫി നേടിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇറാൻ രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രാലയവുമായി മൂന്ന് വർഷത്തോളം ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി കോടതിയിൽ ഹാജരാക്കിയ രേഖകളിൽ അധികൃതർ പറയുന്നു. 2013ൽ ഇറാൻ വിട്ട ഷമീം മാഫിയ്‌ക്ക് 2016ൽ യുഎസ് പൗരത്വം ലഭിച്ചു. താൻ ഇറാൻ ഭരണകൂടത്തിന് വേണ്ടി ഇത്തരത്തിൽ ആയുധകച്ചവടം നടത്തിയെന്നത് ഷമീം മാഫി നിഷേധിച്ചു.

ഷമീമിന് പിതാവിൽ നിന്ന് ലഭിച്ച വസ്‌തുവകകൾ 2020ൽ ഇറാൻ അധികൃത‌ർ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ വാങ്ങാൻ അമേരിക്കയിൽ ഒരു ബിസിനസ് തുടങ്ങാൻ ഷമീം മാഫിയോട് ഇറാൻ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇറാന് പുറത്ത് ഇറാനുവേണ്ടി പ്രവർത്തിക്കുന്നതിലൂടെ തനിക്ക് കൂടുതൽ വിലയുണ്ടെന്ന് ഇവർ ഇറാനിയൻ രഹസ്യാന്വേഷണ അധികൃതരോട് പറഞ്ഞിട്ടുണ്ട്. ഇറാനുമായി രണ്ടാംഘട്ട സമാധാന ചർച്ചയ്‌ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സംഘത്തോടൊപ്പം പാകിസ്ഥാനിൽ എത്താനിരിക്കെയാണ് അമേരിക്കയിൽ ഇറാൻ വംശജ അറസ്റ്റിലാകുന്നത്.