ഇറ്റലിയിൽ വെടിവയ്‌പ്: 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

Monday 20 April 2026 7:46 AM IST

റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച അർദ്ധരാത്രി കോവോ പട്ടണത്തിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തായിരുന്നു സംഭവം. വൈശാഖി ആഘോഷത്തിന്റെ ഭാഗമായ ഒത്തുചേരലിൽ പങ്കെടുത്ത് മടങ്ങിയ രജീന്ദർ സിംഗ് (48), ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാളും ഇന്ത്യക്കാരൻ തന്നെയാണെന്നും ഗുരുദ്വാരയിലെ സന്ദർശകനായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങൾ ആകാമെന്നാണ് പൊലീസ് നിഗമനം.