രാത്രിയിൽ വളർത്തുനായയെ ആക്രമിച്ചു, ചികിത്സ നൽകിയതിന് പിന്നാലെവന്ന് പിടികൂടി വന്യജീവി, ഭയപ്പാടിൽ നാട്ടുകാർ

Monday 20 April 2026 9:44 AM IST

പുൽപ്പള്ളി: വേടങ്കോട്ട് നായയെ പുലി പിടിച്ച സംഭവത്തിൽ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു.ശനി രാത്രി 2.30 ന് വേടങ്കോട്ട് ലക്ഷ്മി അമ്മയുടെ വളർത്തുനായയെയാണ് പുലി ആക്രമിച്ചത്. മാരകമായി പരിക്കേറ്റ നായക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് ഞായർ രാത്രി 11:30 യോടെ പുലി വീണ്ടും എത്തി നായയെ കടിച്ചെടുത്ത് കൊണ്ടുപോയത്. ഇതിനെതുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരൻ പുലിയെ കണ്ടെത്തുന്നതിനായി ക്യാമറ സ്ഥാപിക്കുമെന്ന് അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.

പ്രദേശത്ത് വന്യമൃഗ ഭീതി അകറ്റുന്നതിനുള്ള നടപടി അടിയന്തരമായി വനം വകുപ്പ് സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.പുൽപ്പള്ളി ടൗണിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്ത് മാത്രമാണ് ഈ സംഭവം നടന്നിട്ടുള്ളത്. ഇവിടെ അടുത്തായി ആർച്ചറി അക്കാദമി പ്രവർത്തിക്കുന്നു. സമീപത്തായി ഒരു സ്‌കൂളും അമ്പലവും ഗവൺമെന്റ് ആശുപത്രിയും പഞ്ചായത്ത് ഓഫീസുമെല്ലാം എല്ലാം പ്രവർത്തിക്കുന്നു. ജനവാസ കേന്ദ്രത്തിനുളളിൽ തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം വലിയ രീതിയിലാണ് ആളുകളിൽ ഭീതി വളർത്തിയിരിക്കുന്നത്