ഫ്രഞ്ച് സിനിമ താരം നതാലി ബേ അന്തരിച്ചു; വിടവാങ്ങിയത് അഭിനയകലയിലെ വിസ്മയം

Monday 20 April 2026 12:47 PM IST

ഫ്രഞ്ച് ചലച്ചിത്ര നടി നതാലി ബേ വിടവാങ്ങി. ലെവി ബോഡി ഡിമൻഷ്യ എന്ന അസുഖത്തെ തുടർന്നാണ് മരണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാരീസിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 2002ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗ് ചിത്രം 'ക്യാച്ച് മി ഇഫ് യു കാൻ' എന്ന സിനിമയിൽ ലിയോനാർഡോ ഡികാപ്രിയോയുടെ അമ്മയായി വേഷമിട്ടിരുന്നു.

1948-ൽ നോർമണ്ടിയിലെ കലാകുടുംബത്തിൽ ജനിച്ച നതാലി നർത്തകിയായാണ് കരിയർ തുടങ്ങുന്നത്. പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. 1973-ൽ ഫ്രാൻസ്വാ ട്രുഫോയുടെ 'ഡേ ഫോർ നൈറ്റ്' എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയമായത്. ഏകദേശം 80-ഓളം സിനിമകളിൽ അഭിനയിച്ചു.

1981, 1982 വർഷങ്ങളിൽ മികച്ച സഹനടിയായും 1983-ൽ മികച്ച നടിയായും ('ലാ ബാലൻസ്' എന്ന ചിത്രത്തിന്) തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ 'ആൻ അഫയർ ഓഫ് ലവ്' എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 2023-ൽ പുറത്തിറങ്ങിയ മദർ വാലി ആണ് അവസാന സിനിമ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള പ്രമുഖർ നടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.