എത്ര വിഷമുള്ള പാമ്പും ഇവയെ കണ്ടാൽ ജീവനുവേണ്ടി‌ ഓടിയൊളിക്കും, ആക്രമണം കണ്ണടച്ച് തുറക്കുന്നതിലും വേഗത്തിൽ

Monday 20 April 2026 1:06 PM IST

പാമ്പുകൾ മനുഷ്യന് എന്നും പേടിയുള്ള ഇഴജന്തുക്കളാണ്. കുറ്റിക്കാട്ടിലും നിലത്തുള്ള കരിയിലകൾക്കിടയിലും മാളങ്ങളിലും പഴയ വീടുകളുടെ തട്ടിൻപുറങ്ങളിലും വീട്ടിൽ സാധനങ്ങൾ കൂട്ടിയിട്ടയിടത്തും എല്ലാം തക്കംകിട്ടിയാൽ ഇവ പതുങ്ങിയിരിക്കാറുണ്ട്. വിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇവയുടെ ശല്യം നമ്മുടെ നാട്ടിൽ കൂടുതൽ. നമുക്ക് ചുറ്റും സൗകര്യമുള്ള സ്ഥലങ്ങൾ കൂടുതലായതിനാൽ ഏത് സമയവും പാമ്പിനെ പ്രതീക്ഷിക്കാം.

ഇരപിടിയൻ പക്ഷി

എന്നാൽ എത്ര വിഷമുള്ള ഭയങ്കരനായ പാമ്പാണെങ്കിലും കണ്ണടച്ച് തുറക്കുന്ന സ്‌പീഡിൽ അതിന്റെ കഥകഴിച്ച് ഭക്ഷണമാക്കുന്ന ഒരു പക്ഷിയുണ്ട്. ഏത് പാമ്പായാലും ഇതിനുമുന്നിൽ നിന്ന് രക്ഷപ്പെടാനേ ശ്രമിക്കൂ. ആ പക്ഷിയാണ് സെക്രട്ടറി പക്ഷി.

വിചിത്രമായ പേരുള്ള ഒരു ഭംഗിയേറിയ ഇരപിടിയൻ പക്ഷിയാണ് സെക്രട്ടറി പക്ഷി. സാജിറ്റാരിടെ എന്ന റാപ്‌റ്റർ പക്ഷികളുടെ വിഭാഗത്തിൽ പെട്ട കുടുംബത്തിലെ ഇന്നുള്ള ഏക ഇനവും സെക്രട്ടറി പക്ഷിയാണ്. കണ്ടാൽ പരുന്തിന്റെ മുഖഭാവവും എന്നാൽ നീളമേറിയ കാലും കഴുത്തുമുള്ള പക്ഷിയാണിത്. പറക്കാൻ നന്നായി സാധിക്കുന്ന ഇവ പക്ഷെ ഇരപിടിക്കുന്നത് നിലത്ത് നടന്നാണ്.

പേരിന്‌ പിന്നിലെ കാരണം

1.3 മീറ്റർ ആണ് ഇവയുടെ ഉയരം. ഏകദേശം ആറടി വീതിയുള്ള വമ്പൻ ചിറക് ഇവയ്‌ക്കുണ്ട്. തലയിൽ ഭംഗിയേറിയ തൂവലുകൾ കണ്ടാൽ പഴയകാല ഗോത്ര തലവന്മാരുടെ അലങ്കാരമെന്ന് തോന്നും. ഈ പ്രത്യേകതയാണ് സെക്രട്ടറി പക്ഷി എന്ന പേര് ഇവയ്‌ക്ക് വരാൻ കാരണം.

ആഫ്രിക്കയിലെ വരണ്ട പുൽമേടുകളിലും സഹാറാ മരുഭൂമിയുടെ ചില മേഖലകളിലുമാണ് ഇവയുള്ളത്. പ്രധാന ഭക്ഷണം ചെറിയ സസ്‌തനികൾ, പല്ലികൾ, പക്ഷികൾ എന്നിവയും പാമ്പുകളുമാണ്. പാമ്പുകളിൽ ഏത് വിഷമുള്ള പാമ്പും സെക്രട്ടറി പക്ഷിയുടെ മുന്നിലെത്തിയാൽ ഒന്ന് പരുങ്ങും. കൂർത്ത നഖങ്ങളോ കൊക്കോ കൊണ്ട് കൊത്തിയെടുത്ത് കൊല്ലുകയല്ല ചവിട്ടി കൊല്ലുകയാണ് ഇവ ചെയ്യുന്നത്.

താമസം പുൽമേടുകളിൽ

2016ൽ കറന്റ് ബയോളജി എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിൽ ഈ സ്വഭാവം കൃത്യമായി വിവരിക്കുന്നുണ്ട്. തുറന്ന പുൽമേടുകളിലും മരുഭൂമികളിലും താമസിക്കുന്ന വലിയൊരു പക്ഷിയാണ് സെക്രട്ടറി പക്ഷി. ഇവയെ ഇരകൾ എത്രദൂരെനിന്നും കാണും എന്ന പോരായ്‌മയുണ്ട്. പക്ഷെ ഇതേ പ്രശ്‌നം ഇരകൾക്കുമുണ്ട്. പുൽമേടുകളിൽ ഒളിച്ചിരിക്കുന്ന ജീവികളെ പുറത്തെത്തിക്കാൻ ഇവ അതിനിടയിലൂടെ നടക്കും. ഇര പുറത്തെത്തിയാൽ പിടികൂടുകയും ചെയ്യും.

പാമ്പുകളെ പിടികൂടുന്നതെങ്ങനെ?

പാമ്പുകളെ പിടികൂടുന്നതിന് ഏറെ ശ്രദ്ധയോടെയാണ് സെക്രട്ടറി പക്ഷികൾ ഇടപെടുക. പാമ്പുകൾ വളരെ വേഗമുള്ളവയും സ്വയം പ്രതിരോധിക്കുന്നവയുമാണ്. മാത്രമല്ല മിക്ക പാമ്പുകൾക്കും വിഷമുണ്ട്. അതിനാൽ ഒരു നിശ്ചിത അകലത്തിൽ നിന്നാണ് അവ പാമ്പിനെ നേരിടുക. പാമ്പിന് കൊത്താവുന്നതിലും ദൂരെനിന്ന് തന്റെ നീളൻ കാലുകൊണ്ട് ഇവ തലയിൽ തന്നെ ആഞ്ഞ് ചവിട്ടും. ഒന്നല്ല നിരവധി ചവിട്ടുകൾ ഇത്തരത്തിൽ പാമ്പിന് ലഭിക്കും. നിമിഷനേരത്തിനകം അവയുടെ ജീവൻ പോകും.

സെക്രട്ടറി പക്ഷിയുടെ ഈ സ്വഭാവം പഠിക്കാൻ ഇം‌ഗ്ളണ്ടിലെ ഹാമ്പ്‌ഷെയറിൽ ഗവേഷകർ ഒന്നിനെ വളർത്തി. ഒരു റബ്ബർ പാമ്പ് പ്രതിമ അതിന് നൽകി. കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. പാമ്പിന്റെ തലയിലേക്ക് സെക്രട്ടറി പക്ഷി തൊഴിച്ചത് അതിന്റെ ശരീരഭാരത്തിന്റെ അഞ്ചിരട്ടി ബലത്തിലായിരുന്നു, 195 ന്യൂട്ടൺസ് ആയിരുന്നു ബലം. വെറും നാല് കിലോ മാത്രമാണ് സെക്രട്ടറി പക്ഷിയുടെ ഭാരം. ചില ജീവികൾ ചെയ്യുംപോലെ തോണ്ടുകയോ തട്ടുകയോ അല്ല ഈ പക്ഷി ചെയ്‌തത്. കണക്കുകൂട്ടിയുള്ള വലിയ പ്രഹരമായിരുന്നു അത്.

ചവിട്ട് കിട്ടുക കണ്ണടച്ച്‌ തുറക്കും മുൻപ്‌

വെറും 15 മില്ലിസെക്കന്റ് ആണ് ഒരു ചവിട്ടിന് വേണ്ടിവന്ന സമയം. നമ്മുടെ കണ്ണടച്ച് തുറക്കുന്ന സമയത്തെക്കാൾ കുറവ്. പക്ഷിയുടെ ഈ കഴിവിന്റെ മികവ് എന്തെന്നാൽ അതിന് ഇരയെ കൊല്ലാനും സ്വയം അപകടത്തിൽ പെടാതിരിക്കാനും ഇതിലൂടെ സാധിക്കും. ഇരപിടിയൻ പക്ഷിയാണെങ്കിലും ഇവ ഐയുസിഎൻ പട്ടികയനുസരിച്ച് ഉടൻ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടവയാണ്.