യാത്ര പുറപ്പെടുമ്പോൾ കാക്കകളെ കണ്ടോ? ഭാവിയെക്കുറിച്ചുള്ള ഒരു സൂചനയാണിത്, അവഗണിക്കരുത്

Monday 20 April 2026 2:51 PM IST

ഒരു കാര്യത്തിന് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ധാരാളം വിശ്വാസങ്ങൾ നമ്മൾക്ക് ചുറ്റുമുണ്ട്. പുറത്തിറങ്ങുമ്പോൾ കാണുന്ന വസ്തുവിനെയോ ജീവിയെയോ ബന്ധപ്പെടുത്തി ആ കാര്യം ശരിയായി നടക്കുമോ ഇല്ലയോയെന്ന് പറയുന്നു. ചിലർ പൂച്ച കുറുകെ ചാടിയാൽ ആ യാത്ര തന്നെ വേണ്ടയെന്ന് വയ്ക്കുന്നു. പൂച്ചകളെ മാത്രമല്ല നമുക്കിടയിൽ കാണുന്ന പല ജീവികളെയും ഇത്തരത്തിൽ ഒരു വിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കുന്നു. അത് എന്തൊക്കെ ജീവികളാണെന്ന് നോക്കാം.

വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യങ്ങൾക്കായി പുറപ്പെടുമ്പോൾ കാക്കകൾ കൂട്ടത്തോടെ കരയുകയോ അല്ലെങ്കിൽ മുന്നിൽ വരികയോ ചെയ്താൽ അത് അശുഭകരമായി കണക്കാക്കുന്നു. അന്ന് മോശം വാർത്തകൾ കേൾക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. കൂടാതെ ഒരു വ്യക്തിയുടെ ശരീരത്തിൽ കാക്ക വന്നിരിക്കുന്നത് ആയുസിന് ദോഷമാണെന്ന് കരുതുന്നു. നിങ്ങളുടെ യാത്രക്കിടയിൽ ഒരു പാമ്പിനെ കാണുന്നത് ദോഷഫലങ്ങൾ അല്ലെങ്കിൽ അപകട സൂചനയായി കണക്കാക്കുന്നു. ഇത് മറഞ്ഞിരിക്കുന്ന ശത്രുവിനെയും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിഗൂഢതകളെയും അർത്ഥമാക്കുന്നുവെന്നാണ് വിശ്വാസം.

നിങ്ങൾ യാത്രക്കായി പുറപ്പെടുമ്പോൾ ഒരു നായ കുറുകേ കടക്കുകയോ അല്ലെങ്കിൽ കുരയ്ക്കുകയോ ഓരിയിടുകയോ ചെയ്യുന്നത് ദോഷമാണെന്ന് പറയപ്പെടുന്നു. ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുകളുടെ ഒരു മുന്നറിയിപ്പായി വിശ്വസിക്കുന്നു. ഇത്തരത്തിൽ കീരിയെ കാണുന്നതും അത്ര നല്ലതായി കണക്കാക്കുന്നില്ല, ഇത് നിങ്ങളുടെ വീട്ടിൽ തർക്കമുണ്ടാക്കുകയും കലഹമുണ്ടാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.