'ഞാൻ നിങ്ങളുടെ അമ്മയാണോ?'; മാദ്ധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ശ്രുതി ഹാസൻ

Monday 20 April 2026 3:17 PM IST

പൊതുസ്ഥലങ്ങളിൽ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന യൂട്യൂബ് ചാനലുകാരുടെ രീതി പലപ്പോഴും പരിധി വിടാറുണ്ട്. അത്തരമൊരു സംഭവത്തിൽ നടി ശ്രുതി ഹാസൻ നടത്തിയ രൂക്ഷമായ പ്രതികരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നത്. ഇത്തവണ പണികിട്ടിയത് മുംബയിലെ ഒരു ഫോട്ടോഗ്രാഫർക്കാണ്. തന്നെ 'മമ്മ' എന്ന് വിളിച്ച മാദ്ധ്യമപ്രവർത്തകന് നടി ശ്രുതി ഹാസൻ നൽകിയ ചുട്ട മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മുംബയിലെ ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുകയായിരുന്നു ശ്രുതി. താരത്തിന്റെ ചിത്രങ്ങൾ പകർത്താനായി മാദ്ധ്യമപ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നതിനിടയിലായിരുന്നു ഒരാൾ ശ്രുതിയെ 'മമ്മ' എന്ന് വിളിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി താരം നടത്തം നിർത്തി. ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട് ചോദിച്ചു: 'ആരാണ് മമ്മ? ഞാൻ നിങ്ങളുടെ അമ്മയാണോ? എന്തൊക്കെയാ ഈ പറയുന്നത്?'

താരത്തിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ എല്ലാവരും ഒന്ന് പതറിയെങ്കിലും വീഡയോ പുറത്തുവന്നതോടെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. അപരിചിതരായ വ്യക്തികളെ ഇങ്ങനെയൊക്കെ വിളിക്കുന്നത് മാന്യതയ്ക്ക് ചേർന്നതല്ലെന്നും സെലിബ്രിറ്റികളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഒരു വിഭാഗം വാദിച്ചപ്പോൾ ശ്രുതിയുടെ കൂടെയുണ്ടായിരുന്ന പ്രായമായ സ്ത്രീയെ ഉദ്ദേശിച്ചാകാം അവർ അത്തരത്തിൽ വിളിച്ചതെന്നാണ് ചിലരുടെ കണ്ടെത്തൽ.

നേരത്തെ ജയ ബച്ചനും സൽമാൻ ഖാനുമെല്ലാം ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇത്തരം പെരുമാറ്റത്തിനെതിരെ സമാനമായ രീതിയിൽ പ്രതികരിച്ചിട്ടുള്ളത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജഡ്ജറ്റ് തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലാണ് അടുത്തതായി ശ്രുതി അഭിനയിക്കുന്നത്. സന്ദീപ് ഗുന്നം, രമ്യ ഗുന്നം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.