മന്ത്രി കെ.രാജനെ വെറുതെ വിടുക
ഒരു വീട് പണിയാനുളള ബുദ്ധിമുട്ട് നമ്മുക്കറിയാം. പണം കൈയിലുണ്ടായിട്ട് മാത്രം കാര്യമില്ല.എല്ലാ സാഹചര്യങ്ങളും അതിനായി ഒത്ത് ചേരണം. എങ്കിൽ മാത്രമെ കൃത്യസമയത്ത് തന്നെ വീട് നിർമ്മാണം പൂർത്തിയാക്കാനൊക്കൂ. ഇതിനിടെ പല തടസങ്ങളും നമ്മൾ പോലും അറിയാതെ വന്ന് ചേരും. ഉദ്ദേശിച്ചത് പോലെ അസംസ്കൃത വസ്തുക്കൾ കിട്ടണമെന്നില്ല.കിട്ടിയെങ്കിൽ തന്നെ തൊഴിലാളികളെ കിട്ടണമെന്നുമില്ല.ഇങ്ങനെ നിരവധി പ്രശ്നങ്ങൾ നമ്മൾ പോലും അറിയാതെ വന്ന് ചേരും. അത് സാധാരണമാണ്. ഇത് ഒരു വീട് നിർമ്മാണത്തിന്റെ അവസ്ഥ.എന്നാൽ ഉചിതമായ സ്ഥലം കണ്ടെത്തി,അവിടെ 410 പേർക്ക് വീടുകൾ നിർമ്മിക്കാനുളള അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. വീട് മാത്രം പോര.ഒരു ടൗൺഷിപ്പ് തന്നെ വേണം. ചുരുക്കി പറഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളുമായി ഒരു നഗരം തന്നെ സൃഷ്ടിക്കുക.വയനാട് ഉരുൾ ദുരിതർക്കായി വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ സ്ഥലമെടുത്ത് അവിടെ 410 വീടുകൾക്കൊപ്പം ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് സർക്കാർ.കൽപ്പറ്റയിൽ തീർത്ത ഈ മനോഹര ഇടം കാണാൻ രാജ്യത്തും പുറത്ത് നിന്നുമായി ജനങ്ങൾ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കൽപ്പറ്റയിൽ കാണുന്നത്. എന്ത് മാത്രം ജനങ്ങളാണ് ഉരുൾ ദുരിതർക്കായുളള സർക്കാരിന്റെ ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി കാണാൻ എത്തുന്നത്.യാതൊരുതര പരാതിക്കും ഇട നൽകാതെയാണ് ഓരോ നിർമ്മാണ പ്രവർത്തിയും.ഉരുൾ ദുരന്തത്തിന് ശേഷം പല പ്രതിസന്ധികളെയും സർക്കാരിന് നേരിടേണ്ടി വന്നു. കേന്ദ്രം സഹായിച്ചില്ല.തരാമെന്ന് പറഞ്ഞ ഫണ്ട് പോലും നൽകിയില്ല. എങ്കിലും കേരള സർക്കാർ അവരെ കൈവെടിയാതെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. എല്ലാവരെയും ഒരുമിച്ച് പാർപ്പിക്കാൻ വേണ്ടി പറ്റിയ ഭൂമിക്ക് വേണ്ടി പലയിടത്തും അന്വേഷണം വ്യാപിപ്പിച്ചു.ഒടുവിലാണ് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി കണ്ടെത്തിയത്. നിരവധി നിയമപ്രശ്നങ്ങൾ ഭൂമിയുടെ പേരിൽ ഉണ്ടായിരുന്നു. എല്ലാത്തിനും പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ടൗൺഷിപ്പ് നിർമ്മാണം ആരംഭിച്ചത്.
ഒന്നര മാസം കഴിഞ്ഞാൽ കാലവർഷം ആരംഭിക്കുകയായി. ഉരുൾ ദുരിതബാധിതർ ഇപ്പോഴും സർക്കാരിന്റെ കാരുണ്യത്തിൽ വാടക വീടുകളിൽ കഴിയുന്നു.എല്ലാവിധ സൗകര്യങ്ങളുമായി മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ കഴിഞ്ഞവരാണ് ഒരു ദുരന്തത്തിന്റെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ കഴിയുന്നത്.കഴിഞ്ഞ മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ 178 കുടുംബങ്ങൾക്കുളള വീടുകളുടെ രേഖകൾ കൈമാറിക്കഴിഞ്ഞു. ഏതാനും മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുളളത്. അതിനുളള പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് അന്യസംസ്ഥാന തൊഴിലാളികൾ എസ്. ഐ. ആർ, വോട്ട് ചെയ്യാനുമായി അവരവരുടെ നാടുകളിലേക്ക് യാത്ര പോയത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് ടൗൺ ഷിപ്പ് നിർമ്മാണ ജോലികൾ ഇതേവരെ നടന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് ഇതുവരെ ഊരാളുങ്കൽ ചെയ്ത് വരുന്നത്.
ജനമനസുകളിൽ ഇടം കണ്ടെത്തിയ ടൗൺഷിപ്പ്
മാതൃകാ ടൗൺഷിപ്പ് ഏതായാലും ചിലരുടെ ഉറക്കം കെടുത്തിയെന്ന് വേണം പറയാൻ. അതിന്റെ ഭാഗമായി സർക്കാരിന് ചില കേന്ദ്രങ്ങളിൽ നിന്ന് നിരന്തരമായ ഒളിഞ്ഞും തെളിഞ്ഞും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഉരുൾ ദുരിതബാധിതർക്കായി പണം പിരിച്ചിട്ട് വീട് പോലും പണിയാത്ത അവസ്ഥ ഉളളപ്പോഴാണ് സർക്കാരിന് ചില കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ വിമർശനം കേൾക്കേണ്ടി വരുന്നത്. വീടിന് അവകാശികളായ ഉരുൾ ദുരിതബാധിതരെ സർക്കാരിനെതിരെ തിരിച്ച് വിടാനുളള ഒരു ഗൂഡ ശ്രമം വയനാട് ടൗൺഷിപ്പിൽ നിന്ന് ഈയിടെയായി ഉയർന്ന് കേൾക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ടൗൺഷിപ്പിൽ പണിത ഒന്ന് രണ്ട് വീടുകൾക്ക് വിളളലുണ്ടെന്ന പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം വയനാട് ഉരുൾ ദുരന്തവും വയനാട് ടൗൺഷിപ്പുമായിരുന്നു.നിർമ്മാണം പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പേരിൽ മുഖ്യമന്ത്രി ടൗൺഷിപ്പ് ഉരുൾ ദുരിതബാധിതർക്കായി കൈമാറിയത് ഒട്ടും ശരിയായില്ലെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപണം ഉന്നയിച്ചു. എന്നാൽ ജനങ്ങളിൽ നിന്ന് വൻ തോതിൽ പണം പിരിക്കുകയും അതിന്റെ കണക്ക് പോലും പറയാതെ ഒളിച്ചുവച്ച കോൺഗ്രസിന്റെ നടപടിയെ ഭരണപക്ഷം ശരിക്കും തുറന്നുകാണിച്ചു.വൻതോതിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ഒടുവിൽ രാഹുൽഗാന്ധിയെ കൊണ്ടുവന്ന് വീടുകൾക്ക് തറക്കല്ലിട്ടത്.എന്നാൽ തറക്കല്ലിട്ട ഭൂമിയിൽ വീട് പണിയാൻ ശ്രമം നടത്തിയതുമില്ല. ഇതും തിരഞ്ഞെടുപ്പിൽ ഭരണപക്ഷം ശരിക്കും വിഷയമാക്കി. ഇങ്ങനെ വാദപ്രതിവാദങ്ങൾ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് കത്തി.ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ ഉരുൾ ദുരിതബാധിതരിൽ ചിലർ മുഖ്യമന്ത്രിയെ കാണാൻ പോയതും വിമർശനങ്ങൾക്ക് തിരികൊളുത്തി.
ചോർച്ചയാണ് ഇപ്പോഴത്തെ വിഷയം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരാൻ ഇനി ദിവസങ്ങൾ മാത്രം. കേരളം ആര് ഭരിക്കുമെന്ന് ആർക്കും പറയാനാവാത്ത അവസ്ഥ. ഇതിനിടിയിലാണ് ടൗൺഷിപ്പ് വിവാദം വീണ്ടും പുകയാൻ തുടങ്ങിയത്.ചോർച്ചയാണ് ഇപ്പോഴത്തെ ആരോപണ വിഷയം. വിവരം കേട്ടയുടൻ തന്നെ വകുപ്പ് മന്ത്രി കെ.രാജൻ വയനാട്ടിലേക്ക് ഓടിയെത്തി. മന്ത്രി കെ.രാജൻ ഉരുൾ ദുരിതബാധിതർക്ക് ഒരു കുടുംബാംഗത്തെപ്പോലെയാണ്. ഓരോ വീട്ടുകാരെയും പേരെടുത്ത് വിളിക്കാനുളള ഒരു ബന്ധം മന്ത്രി കെ.രാജന് മുണ്ടക്കൈ ചൂരൽമലപ്രദേശത്തുണ്ട്.അത് കാശ് കൊടുത്ത് നേടിയെടുത്ത ബന്ധമല്ല.ഉരുൾ ദുരന്തത്തിന് ശേഷം അവർക്കൊപ്പം നിന്ന് അവരുടെ ദു:ഖങ്ങളും സങ്കടങ്ങളും എല്ലാം കേൾക്കാൻ ചെവി കൊടുത്തു.അങ്ങനെ അവരിൽ ഒരാളായി മാറി.ഇതിലൊന്നും മന്ത്രി കെ.രാജൻ രാഷ്ട്രീയം കണ്ടിരുന്നില്ല.എല്ലാം നഷ്ടപ്പെട്ട മനുഷ്യർ,അവർക്ക് താങ്ങും തണലും വേണമെന്ന ചിന്ത മാത്രമെ മന്ത്രി കെ.രാജന് ഉണ്ടായിരുന്നുളളു.എന്നാൽ ചില കുത്തിത്തിരുപ്പുകൾക്കായി ചിലർ അണിയറയിൽ കോപ്പുകൂട്ടുന്നുണ്ടായിരുന്നു. ചോർച്ച വിവരം അറിഞ്ഞ് ഓടിയെത്തിയ മന്ത്രി മേശപ്പുറത്ത് കയറി വിളളൽ ഉണ്ടെന്ന് പറഞ്ഞ ഭാഗത്തെ മാർക്ക് ചെയ്ത് ഭാഗം ഉരച്ച് നോക്കി വ്യക്തത വരുത്തിയതും രാഷ്ട്രീയ എതിരാളികൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കയറിയങ്ങ് ട്രോളി.കാര്യങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടാൻ വേണ്ടിയാണ് താൻ അങ്ങനെ ചെയ്തതെന്ന് മന്ത്രി കെ.രാജൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാർക്കപ്പണിക്കാരനായും കൂലിപ്പണിക്കാരനായും മറ്റും മന്ത്രിയെ വിശേഷിപ്പിച്ച് ട്രോളുമ്പോൾ ഒരു കാര്യം നാം ഏവരും മറക്കുകയായിരുന്നു.ഉരുൾദുരിതബാധരുടെ പുനരധിവാസം എന്ന സ്വപ്നത്തെ... അത് പൂവണിയണം. അതിൽ ആരും മണ്ണ് വാരിയിടരുത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നിശ്ചയദാർഢ്യമുളള ഒരു സർക്കാർ ഉണ്ടായിരുന്നത് കൊണ്ട്, നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണെങ്കിലും ടൗൺഷിപ്പ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു.എന്തെങ്കിലും കുറവുണ്ടെങ്കിൽ തന്നെ അത് ചൂണ്ടിക്കാട്ടി മഹത്തായ ലക്ഷ്യം പൂർത്തിയാക്കാൻ ഒത്തൊരുമിക്കുകയായിരുന്നു വേണ്ടത്.ഉരുൾദുരന്തം ഉണ്ടായപ്പോൾ നാം എല്ലാവരും ജാതിമതഭേദമന്യെയാണ് സഹായഹസ്തങ്ങളുമായി അന്ന് ദുരന്തഭൂമിയിൽ നിലയുറപ്പിച്ചത്. അങ്ങനെയൊരു ഐക്യം, അതാണ് വേണ്ടത്.