ആവോലി വള്ളിക്കടവ് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പരീക്കപീടിക അടയ്ക്കാമുണ്ടയ്ക്കൽ ബിനുവിന്റെ മകൻ ക്രിസിൻ (17), വാഴക്കുളം വെട്ടിക്കാട്ടുകുടിയിൽ സന്തോഷിന്റെ മകൻ അശ്വിൻ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറംഗ സംഘത്തോടൊപ്പമാണ് വിദ്യാർത്ഥികൾ വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്ത് ക്രിസിനും അശ്വിനും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാൾ നീന്തിരക്ഷപ്പെട്ടു. അഗ്നിശമന സേനയുടെയും സ്കൂബടീമിന്റെയും നേതൃത്വത്തിൽ നടത്തിയ നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂടീമും സ്കൂബടീമും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
കദളിക്കാട് വിമലമാത ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ വിനു വർഗീസിന്റെയും ചെറുവട്ടൂർ ജി.എം.എച്ച്.എസ്.എസ് അദ്ധ്യാപിക പാറ പുളിമൂട്ടിൽ ലിസ്ന സെബാസ്റ്റ്യന്റെയും മകനാണ് ക്രിസ്. കദളിക്കാട് സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: റയാൻ, റിയോൺ (ഇരുവരും വിദ്യാർത്ഥികൾ).
വാഴക്കുളത്ത് കല്ലൂർക്കാട് കവലയ്ക്ക് സമീപം താമസിക്കുന്ന സന്തോഷിന്റെ മകനാണ് അശ്വിൻ. മൂവാറ്റുപുഴ എസ്.എൻ.ഡി.പി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. മാതാവ് ആയവന ചാലിൽ സ്വപ്ന. ക്രിസിനൊപ്പം പത്താംക്ലാസുവരെ കദളിക്കാട് സ്കൂളിലാണ് പഠിച്ചിരുന്നത്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ഡോ. അജിത്, അജിൻ.