കാഡ്സ് ഗ്രീൻ ഫെസ്റ്റ്- 2026: വിത്ത് മഹോത്സവവും പുഷ്പമേളയും ആരംഭിച്ചു

Tuesday 21 April 2026 12:00 AM IST
കാഡ്സ് ഗ്രീൻ ഫെസ്റ്റ് വിത്ത് മഹോത്സവവും പുഷ്പമേളയും പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാ‌നം ചെയ്യുന്നു

തൊടുപുഴ: പത്താമുദയത്തോടനുബന്ധിച്ചുള്ള കാഡ്സ് ഗ്രീൻ ഫെസ്റ്റ് വിത്ത് ഉത്സവത്തിന് ഉജ്ജ്വല തുടക്കം. പി.ജെ. ജോസഫ് എം.എൽ.എ ഫെസ്റ്റ് ഉദ്ഘാ‌നം ചെയ്തു. കേരളത്തിന്റെ തനത് കാർഷിക മുറകളും കൃഷി രീതികളും അനുവർത്തിക്കുന്നതിന് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതാണ് കാഡ്സിന്റെ പത്താം ഉദയത്തോടനുബന്ധിച്ച് നടത്തുന്ന വിത്ത് മഹോത്സവമെന്ന് അദ്ദേഹം പറഞ്ഞു. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ആദ്യ വില്പന നിർവഹിച്ചു. ശ്രീകല ആശ്രമം മഠാധിപതി സ്വാമി വിവേകാനന്ദ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, മുനിസിപ്പൽ കൗൺസിലർ രേണുക രാജശേഖരൻ, റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫസർ എം.ജെ. ജേക്കബ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി.കെ. നവാസ്, തൊടുപുഴ റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു, ചെറുകിട അസോസിയേഷൻ പ്രസിഡന്റ് സുനിൽ വഴുതലക്കാട്ട്, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. ബാബു, കെ.സി. തങ്കച്ചൻ, ഡോ. സാബു വർഗീസ്, എം.എൻ. ബാബു, അഡ്വ. ബിജു പറയന്നിലം, എം.സി. മാത്യു, എൻ.ജെ. മാമച്ചൻ, കെ.എം. ജോസ് എന്നിവർ പ്രസംഗിച്ചു. ഉയർന്ന ഗുണനിലവാരമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങളും പച്ചക്കറി തൈകളും ഫലവൃക്ഷതൈകളും ഉൾപ്പെടെ എല്ലാവിധ തൈകളുടെയും വൻ ശേഖരമാണ് മേളയിൽ എത്തിച്ചേർന്നിരിക്കുന്നത്. പത്താമുദയത്തിന് വിത്തുകളും തൈകളും നടുകയെന്ന പരമ്പരാഗത കാർഷിക ശൈലി പിന്തുടരുന്ന നിരവധി പേരാണ് മേള സന്ദർശിക്കുന്നത്. അഞ്ഞൂറോളം ഇനം പൂച്ചെടികളും പൂച്ചട്ടികളും വളങ്ങളും കീടനാശിനികളും ഗ്രോബാഗുകളും മേളയിൽ ലഭ്യമാണ്. രാവിലെ 9.30 മുതൽ വൈകിട്ട് ഏഴ് വരെയാണ് മേളയുടെ പ്രവർത്തന സമയം. ഡയറക്ടർമാരായ സജി മാത്യു, എൻ.ജെ. മാമച്ചൻ, വി.പി. ജോർജ്, കെ.എം. മത്തച്ചൻ, വി.പി സുകുമാരൻ, സിബിൻ വർഗീസ്, കെ.എം. ജോസ്, ജിജി മാത്യു എന്നിവരാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.