കാമാക്ഷി അമ്മൻ കോവിലിൽ പ്രത്യക്ഷ മഹാഗണപതി ഹോമം
ആലപ്പുഴ: കളക്ട്രേറ്റിനു സമീപത്തുള്ള അന്ന കാമാക്ഷി അമ്മൻ കോവിലിൽ പ്രത്യക്ഷ മഹാഗണപതി ഹോമം വ്യാഴാഴ്ച നടക്കും. രാവിലെ 4.30ന് ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിലെ 28-ാമത് പുനർപ്രതിഷ്ഠാ വാർഷികം ജൂൺ 27ന് നടക്കും. അതിന് മുന്നോടിയായിട്ടാണ് മഹാഗണപതി ഹോമം നടത്തുന്നതെന്നും ആനയെ ഇരുത്തിയുള്ള ചടങ്ങായതിനാലാണ് പ്രത്യക്ഷ മഹാഗണപതി ഹോമമെന്ന് പറയുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ 4.30 ന് ഗജേന്ദ്ര സ്നാനം, 5.30ന് പ്രത്യക്ഷ മഹാഗണപതി ഹോമം ആരംഭം, എട്ടിന് ആനയൂട്ട്, ഗണപതി പറ, 9.30ന് പൂർണാഹുതി തുടർന്ന് ദീപാരാധന തുടങ്ങിയവ നടക്കും. കക്കാട് ദേവദാസ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രം ദേവസ്വം കമ്മിറ്റി പ്രസിഡന്റ് സോണി ജെ. കല്യാൺ കുമാർ, വൈസ് പ്രസിഡന്റുമാരായ ഇ. സൂര്യനാരായണ പിള്ള, പി. രഘുനാഥ്, സെക്രട്ടറി കെ. ശോഭനൻ, ട്രഷറർ ടി.കെ. സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.