വഴിയടച്ചുള്ള നിർമ്മാണങ്ങൾ അനുവദിക്കില്ല : രാജു അപ്സര
ആലപ്പുഴ: റോഡ് പൂർണ്ണമായും അടച്ച് ജില്ലാക്കോടതിപ്പാലം പണി നടത്താനാണ് നീക്കമെങ്കിൽ അതിനെ എന്ത് വില കൊടുത്തും എതിർക്കുമെന്നും വഴിയടച്ച് കൊണ്ടല്ല നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. തുറവൂർ മുതൽ അരൂർ വരെ ഉയരപ്പാതയുടെ നിർമ്മാണം നടക്കുമ്പോഴും അവിടെ ഒരുദിവസം പോലും റോഡ് പൂർണ്ണമായി ബ്ലോക്ക് ചെയ്തിട്ടില്ല. ഏകോപന സമിതി പ്രതിഷേധം ശക്തിയാക്കിയപ്പോഴാണ് കോടതിപ്പാലത്തിന് സമീപം അടച്ച വഴി തുറന്നത്. വൈ.എം.സി.എ പാലം മുതൽ ബസ്റ്റാൻഡ് വരെ സർവ്വീസ് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ.എസ്.മുഹമ്മദ് സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുഭാഷ്, ജില്ലാ സെക്രട്ടറി സുനീർ ഇസ്മയിൽ, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രവീൺ രാമഭദ്രൻ, ടോമി പുലിക്കാട്ടിൽ, സുനിൽ മുഹമ്മദ്, പ്രമോദ് ഷാബി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ബെന്നി നാഗപറമ്പിൽ നന്ദി പറഞ്ഞു.
ആലപ്പുഴ ടൗൺ യൂണിറ്റ് പ്രസിഡന്റായി വി.സബിൽരാജിനെയും ജനറൽ സെക്രട്ടറിയായി കെ.എസ്.മുഹമ്മദിനെയും വീണ്ടും തിരഞ്ഞെടുത്തു.ബെന്നി നാഗപറമ്പിലാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ടോമി പുലിക്കാട്ടിൽ, സുനിൽ മുഹമ്മദ്, സുനീർ ഇസ്മയിൽ, പി.ആർ.ഗോപകുമാർ (വൈസ് പ്രസിഡന്റുമാർ) പ്രമോദ്ഷാബി, അയ്യപ്പൻ സൂര്യ, പ്രവീൺ രാമഭദ്രൻ, ജഗദീഷ് (സെക്രട്ടറിമാർ) എസ്.നാഗരാജ റെഡ്യാർ (രക്ഷാധികാരി ).