12 വയസുകാരിക്ക് പീഡനം: പ്രതിക്ക് 21 വർഷം കഠിനതടവ്

Tuesday 21 April 2026 1:11 AM IST

നെയ്യാറ്റിൻകര: 12 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട പൂവച്ചൽ ആലമുക്ക് മഞ്ചാടി ഹൗസിൽ മുഹമ്മദ് നൗഷാദിനെ (37,​സുനിൽ)ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം. സുജയുടേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം കൂടി അധികശിക്ഷ അനുഭവിക്കണം. 2013 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി വിവാഹം കഴിഞ്ഞശേഷവും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്,അഡ്വ. വി.ആർ. മായാദേവി എന്നിവർ ഹാജരായി. പൂവാർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന ജി. ബിനുവാണ് കുറ്റപത്രം ഹാജരാക്കിയത്.