മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ വിജിലൻസ് പരിശോധന

Monday 20 April 2026 11:49 PM IST

ആലപ്പുഴ: മണൽ ഖനനവുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന പരാതി വ്യാപകമായതോടെ ചേർത്തലയിലുള്ള ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലും ചേർത്തല തെക്ക് പഞ്ചായത്ത് ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. ഓപ്പറേഷൻ എർത്ത് ഗാർഡ് എന്നപേരിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്. മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിലെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഖനന ലൈസൻസ് എടുത്തവർ പണം കൈമാറിയതായി കണ്ടെത്തി. ഇത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിച്ചുവരുകയാണ്. വീട് നിർമ്മിക്കുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും മണൽ നീക്കം ചെയ്യുന്നതിനായി ഖനാനുമതി വാങ്ങി, ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയിലും അന്വേഷണമുണ്ടാകും. മണൽ ഖനനം ചെയ്തശേഷം ഇവിടെ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുകയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ സർക്കാർ പദ്ധതികൾക്കായി നൽകിയ മണൽ ഖനാനുമതി ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. നിശ്ചിത അളവ് മണൽ ഖനനം ചെയ്യാൻ അനുമതി വാങ്ങിയശേഷം അതിൽക്കൂടുതൽ ഖനനം ചെയ്തിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കും. സിലിക്ക മണലുമായി ബന്ധപ്പെട്ട ഖനാനുമതിയിലെ പരാതി അന്വഷിക്കുന്നതിന്റെ ഭാഗമായാണ് ചേർത്തല തെക്ക് പഞ്ചായത്തിൽ പരിശോധന നടത്തിയത്. വിജിലൻസ് ഇൻസ്പെക്ടർമാരായ എം.സി.ജിംസ്റ്റൻ, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.