,മണ്ണ് ഖനനത്തിൽ അഴിമതി, ജിയോളജി ഓഫീസുകളിൽ വിജിലൻസ് പരിശോധന, തദ്ദേശ സ്ഥാപനങ്ങളിലും റെയ്ഡ്

Tuesday 21 April 2026 1:34 AM IST

തിരുവനന്തപുരം: മണ്ണ് ഖനനവും മണ്ണ് നീക്കവുമായി ബന്ധപ്പെട്ടുള്ള അഴിമതികളും ക്രമക്കേടുകളും കണ്ടെത്താൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിജിലൻസ് റെയ്ഡ്. ഓപ്പറേഷൻ 'എർത്ത് ഗാർഡ്' എന്ന പേരിൽ ഇന്നലെ രാവിലെ പത്തരയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. അനധികൃതമായി മണ്ണ് നീക്കം ചെയ്യപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കെട്ടിട നിർമ്മാണത്തിന്റെയും വീട് വയ്ക്കുന്നതിന്റെയും മറവിൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ട്രാൻസി​റ്റ് പാസ്/ പെർമ്മി​റ്റ് നേടിയെടുത്ത ശേഷം അവ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. മണ്ണ് ഖനനത്തിൽ ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും വ്യാപകമായി നടക്കുന്നെന്ന വിവരത്തെ തുടർന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.

അനുവദനീയമായ പരിധിക്ക് പുറത്തും അളവിൽ കൂടുതലും മണ്ണ് അനധികൃതമായി ഖനനം ചെയ്ത് മാ​റ്റുന്നു. കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമിയുടെ സ്വാഭാവിക രൂപം മാ​റ്റി റിയൽ എസ്​റ്റേ​റ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്. ‌

14 ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലും 58 തദ്ദേശ സ്ഥാപനങ്ങളിലുമായി 72 ഓഫീസുകളിലാണ് റെയ്ഡ്.

കൈക്കൂലി വാങ്ങി

പാസ് നൽകുന്നു

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി നിയമവിരുദ്ധമായി പാസ്/പെർമ്മി​റ്റ് അനുവദിക്കുന്നതായും വിജിലൻസിന് വിവരം കിട്ടി. ഇടനിലക്കാരുടെയും മണ്ണ് മാഫിയയുടേയും സഹായത്തോടെ അനധികൃത ഖനനം നടത്തുന്നു. പെർമ്മി​റ്റുകൾ ദുരുപയോഗം ചെയ്ത് വ്യാപകമായി മണ്ണ് കടത്തുന്നു. പരിശോധനകൾ നടത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ മന:പൂർവം വിട്ട് നിൽക്കുന്നു. ഇതിലൂടെ സർക്കാരിന് റോയൽ​റ്റി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം സംഭവിക്കുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചത്.