രാഹുലിന് ഇരട്ട പൗരത്വമെന്ന ഹർജി : ജഡ്‌ജി പിന്മാറി
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. രാഹുലിനെതിരെയുള്ള ആരോപണം എഫ്.ഐ.ആർ രജിസ്റ്രർ ചെയ്‌ത് അന്വേഷിക്കണമെന്ന തന്റെ മുൻഉത്തരവ്, ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിലെ ഇതേ ജഡ്‌ജി നേരത്തെ മരവിപ്പിച്ചിരുന്നു. ഏപ്രിൽ 20ന് രാഹുലിന്റെ ഭാഗം കേൾക്കാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഹർജിക്കാരനും കർണാടകയിലെ ബി.ജെ.പി പ്രവർത്തകനുമായ വിഘ്‌നേഷ് ശിശിർ സിംഗിൾ ബെഞ്ചിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഹർജിക്കാരൻ കോടതിയെ അപകീർത്തിപ്പെടുത്തുകയും, രാഷ്ട്രീയ മൈലേജിന് ദുരുപയോഗിക്കുകയും ചെയ്‌തുവെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി ഇന്നലെ നിരീക്ഷിച്ചു. ഈസാഹചര്യത്തിൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു. ഇനി പുതിയ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും രാഹുലിന് ബ്രിട്ടീഷ് പൗരത്വം കൂടിയുണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും, അവിടുത്തെ സർക്കാരിന്റെ ചില ഇ മെയിലുകളും തന്റെ പക്കലുണ്ടെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നു.