വിജയ്- സംഗീത വിവാഹമോചനം: കേസ് ജൂൺ 15ന് പരിഗണിക്കാൻ മാറ്റി
ചെന്നൈ: നടനും ടി.വി.കെ അദ്ധ്യക്ഷനുമായ വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹ മോചന ഹർജി ജൂൺ 15ന് പരിഗണിക്കാൻ മാറ്റി. അന്ന് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് ചെങ്കൽപേട്ട് കുടുംബ കോടതി ഉത്തരവിട്ടു. എന്നാൽ അടുത്ത വാദം കേൾക്കലിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കാൻ അനുവദിക്കണമെന്ന വിജയ്‌യുടെ അപേക്ഷ കോടതി അംഗീകരിച്ചു.
സംഗീത എതിർപ്പറിയിച്ചിട്ടില്ല.
27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26ന് ആദ്യം വാദം കേട്ട ശേഷം ഇന്നലെത്തേക്ക് മാറ്റിയിരുന്നു. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും വിവാഹമോചന ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടർന്നുവെന്നും പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കിലാണ് വിജയ്.