മന്തിക്കു മുന്നിൽ കൃഷ്ണൻ; രണ്ട് ഹോട്ടലുകൾക്കെതിരെ കേസ്

Tuesday 21 April 2026 1:10 AM IST

കോട്ടയ്ക്കൽ: മതസ്പർദ്ധ വളർത്തും വിധത്തിൽ വിഷു ആശംസാ കാർഡ് നിർമ്മിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കോട്ടക്കൽ പറമ്പിലങ്ങാടിയിൽ പ്രവർത്തിക്കുന്ന അറേബ്യൻ മജ്ലിസ്, ചങ്കുവെട്ടി റയ്ദാൻ ഹോട്ടലുകൾക്കെതിരെയാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിൽ ശ്രീകൃഷ്ണന്റെ വിഷുക്കണി ചിത്രത്തിനൊപ്പം ഒരു ഇലയിൽ മന്തിയും ചിക്കനും വച്ച ഫോട്ടോ പ്രദർശിപ്പിച്ച് മതസൗഹാർദം തകർക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. കോട്ടക്കലിലെ ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ചെറുകര വേണുഗോപാലാണ് പരാതി നൽകിയത്. കലാപശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. സബ് ഇൻസ്‌പെക്ടർ പ്രീത സാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം ഓരാടംപാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടൽ ശ്രീകൃഷ്ണൻ മന്തി പ്ലേറ്റിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവച്ചതിന് ഉടമകളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.