'മമിത ബൈജു കണ്ട വലിയ സ്വപ്‌നത്തിന്റെ ചിറകരിഞ്ഞു, എത്ര പ്രതികരിച്ചിട്ടും കാര്യമുണ്ടായില്ല'; വെളിപ്പെടുത്തി സംവിധായകൻ

Tuesday 21 April 2026 12:04 PM IST

ഫഹദ് ഫാസിലിനെപ്പോലെ ഭാഗ്യംകൊണ്ട് സിനിമയിൽ തിളങ്ങുന്ന താരമാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. സിനിമാരംഗത്ത് തിളങ്ങാൻ അഭിനയം മാത്രം അറിഞ്ഞാൽ പോര അതിന് ഭാഗ്യം കൂടി വേണമെന്നാണ് അദ്ദേഹം പറയുന്നത്. തമിഴിലും തെലുങ്കിലും ഇന്ന് മിന്നും താരമായി മാറിയ മമിതയ്‌ക്ക് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയെക്കുറിച്ചും ആലപ്പി അഷ്‌റഫ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നുണ്ട്.

'കൈയെത്തും ദൂരത്ത് എന്ന കന്നി ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമാരംഗം ഉപേക്ഷിച്ചുപോയ ആളാണ് ഫഹദ് ഫാസിൽ. ആ ഫഹദിന് ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. മലയാള സിനിമയിൽ ഇതുപോലൊരു ഭാഗ്യം തുണച്ച മറ്റൊരാളാണ് മമിത ബൈജു. തമിഴിലും തെലുങ്കിലുമൊക്കെ ഇന്ന് മിന്നും താരമാണ് മമിത. യുവാക്കളുടെ ഹരവുമാണ്. ഇത്രയും പെട്ടെന്നുള്ള ഉയർച്ച ഒരുപക്ഷേ മമിത പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

ഈ ഭാഗ്യങ്ങളെല്ലാം മമിതയെ തേടിവരാനുള്ള കാരണമാണ് പ്രേമലു എന്ന ചിത്രം. മലയാളത്തേക്കാൾ തമിഴിലും തെലുങ്കിലും ഈ ചിത്രത്തിന്റെ കളക്ഷൻ വളരെ കൂടുതലായിരുന്നു. പ്രേമലു അവിടങ്ങളിലുണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. അതിനാൽത്തന്നെ, മമിത ബൈജു എത്തുന്ന പരിപാടികളിലെല്ലാം ലക്ഷക്കണക്കിന് ആരാധകർ തടിച്ചുകൂടാൻ തുടങ്ങി. ഇപ്പോൾ ചെറുപ്പക്കാർക്കെല്ലാം ക്രഷ് മമിത ബൈജുവിനോടാണെന്ന് ഗായിക ശിവാംഗി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത തമിഴ്‌ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമായ ഡ്യൂഡ് ഒരു ശരാശരി വിജയമാണ് നേടിയത്. പഠിക്കുന്ന സമയത്ത് വിജയ്‌യുടെ കടുത്ത ആരാധികയായിരുന്നുവെന്ന് മമിത ബൈജു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിജയ്‌ നായകനായ ഗില്ലി എന്ന ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അവർ പറഞ്ഞു. മമിത പോലും പ്രതീക്ഷിക്കാത്ത സമയത്താണ് വിജയ് നായകനായ ജനനായകനിലേക്ക് മമിത ബൈജുവിന് വിളിവരുന്നത്.

എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ ആ ചിത്രം സെൻസർ പ്രശ്‌നങ്ങളിൽ അകപ്പെട്ട് റിലീസ് നടക്കാതെപോയി. മാത്രമല്ല, ചിത്രം ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷമാവുകയും ചെയ്‌തു. 500 കോടിയോളം രൂപയാണ് വെള്ളത്തിലായത്. അങ്ങനെ മമിതാ ബൈജു സ്വപ്‌നം കണ്ട വലിയ ചിത്രത്തിന്റെ ചിറകരിയുകയാണുണ്ടായത്. ചിത്രത്തിന്റെ പൈറസിക്കെതിരെ മമിത ബൈജു ഉൾപ്പെടെയുള്ള താരങ്ങൾ പ്രതികരിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല. കാരണം ഇത് നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ്. അതിനെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല ' - ആലപ്പി അഷ്‌റഫ് പറഞ്ഞു.