ഭർത്താക്കന്മാരുടെ ഈ സ്വഭാവത്തെ ഒരിക്കലും കുറ്റപ്പെടുത്തരുത്, എല്ലാത്തിനും കാരണം തലച്ചോറിന്റെ പ്രവർത്തനം
കാണാതായ വസ്‌തു കൺമുന്നിലുണ്ടെങ്കിലും നമ്മൾ ചിലപ്പോൾ കണ്ടെന്നുവരില്ല. മണിക്കൂറുകളെടുത്ത് തെരഞ്ഞിട്ടും അവ തിരിച്ചറിയാൻ കഴിയാതെ വിഷമിക്കുന്നു. എന്നാൽ, ഇത് കണ്ടുനിൽക്കുന്ന ഏതെങ്കിലുമൊരാൾക്ക് നിമിഷങ്ങൾക്കുള്ളിൽ അവ നമ്മുടെ കൺമുന്നിൽ നിന്നും എടുത്തുതരാൻ സാധിക്കുകയും ചെയ്യും. ഈ നിരാശാജനകമായ സാഹചര്യത്തിലൂടെ കടന്നുപോകാത്തവർ വളരെ ചുരുക്കമാണ്. പലരും ഇതിനെ ശ്രദ്ധക്കുറവെന്ന് പറഞ്ഞ് നിസാരവൽക്കരിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ, ഇത് വെറും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന കാര്യമല്ല. ഈ പ്രശ്‌നത്തിന് തലച്ചോറുമായി വളരെയധികം ബന്ധമുണ്ട്.
വിഷ്വൽ സെർച്ച് എന്ന പ്രക്രിയയിലൂടെയാണ് തലച്ചോറ് നമ്മുടെ കൺമുന്നിലുള്ള വസ്‌തുക്കളെ തിരിച്ചറിയുന്നത്. മറ്റ് കാര്യങ്ങളിലെല്ലാം മിടുക്ക് കാട്ടുന്ന നമ്മുടെ തലച്ചോറിന് ഇതുമാത്രം കൃത്യമായി ചെയ്യാൻ സാധിക്കില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ സമയത്ത് കൺമുന്നിലുള്ളത് എന്താണെന്ന് നമ്മൾ കൃത്യമായി കാണുന്നില്ല. ഒരു വസ്‌തു കാണാതെപോകുമ്പോൾ നമ്മൾ പരിസരം മുഴുവൻ തെരയും. ഉദാഹരണത്തിന് അടുക്കള, മേശ, അലമാര തുടങ്ങി എല്ലാ സ്ഥലങ്ങളിലും തെരയുമ്പോൾ അടിക്കടി നിരവധി വസ്‌തുക്കളുടെ ദൃശ്യങ്ങളാണ് നിങ്ങളുടെ തലച്ചോറിലേക്കെത്തുന്നത്. ഒരേസമയം ഇതെല്ലാംകൂടി വിശകലനം ചെയ്യാൻ തലച്ചോറിനാകില്ല.
മനഃശാസ്ത്രജ്ഞർ ശ്രദ്ധയെ വിശേഷിപ്പിക്കുന്നത് ദൃശ്യമണ്ഡലത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരുതരം സ്‌പോട്ട്‌ലൈറ്റ് എന്നാണ്. ആ സ്‌പോട്ട്‌ലൈറ്റ് എവിടെ പതിക്കുന്നുവോ അവിടെയെല്ലാം വിവരങ്ങൾ വിശദമായി പ്രോസസ് ചെയ്യപ്പെടുന്നു. അതിന് പുറത്തുള്ള ഒന്നും തലച്ചോറിലേക്ക് എത്തില്ല. നമ്മൾ അതിവേഗം ഒരുസ്ഥലത്ത് തെരച്ചിൽ നടത്തുമ്പോൾ കണ്ണുകൾ അതിവേഗത്തിൽ പായുന്നു.
കാണാതെ കാണുക
കണ്ണിന് മുന്നിൽ കാണുന്നതല്ല, തലച്ചോറിൽ എത്തുന്നവ മാത്രമാണ് നമുക്ക് കാണാനാവുക. ഉദാഹരണത്തിന് നിങ്ങളൊരു വീഡിയോ കാണുകയാണ്. അതിൽ വരുന്ന ആകെ കാർഡുകളുടെ എണ്ണം നിരീക്ഷിച്ച് പറയാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ആ നിമിഷം മുതൽ നിങ്ങൾ വീഡിയോയിൽ ശ്രദ്ധിക്കുന്നത് ആ കാർഡുകളെ മാത്രമായിരിക്കും. അത് എണ്ണുന്നതിനിടയിൽ വീഡിയോയിൽ മറ്റെന്തെങ്കിലും കാഴ്‌ച വന്നാൽപ്പോലും അവ കൃത്യമായി കാണാനാകില്ല. അൻപതുശതമാനംപേർക്കും ഇതേ അവസ്ഥയാണ്. ഇതുപോലെ തന്നെയാണ് ഒരു താക്കോൽ നഷ്‌ടപ്പെടുമ്പോൾ നിങ്ങൾ തെരയുന്നതും. അതിനെ സാധാരണഗതിയിൽ അശ്രദ്ധ എന്നുപറഞ്ഞ് പലരും കളിയാക്കുകയാണ് പതിവ്.
തലച്ചോറിലെത്തുന്ന ദൃശ്യവിവരങ്ങൾ വ്യത്യസ്‌ത പാതകളിലൂടെ പ്രോസസ് ചെയ്യപ്പെടുന്നു. ഡോർസൽ സ്ട്രീം എന്നാണ് ഇതിനെ പറയുന്നത്. ദൃശ്യങ്ങളിലുടെ തെരയുന്ന സമയത്ത് ശ്രദ്ധയെ നയിക്കുന്നതിൽ ഈ സംവിധാനം നിർണായക പങ്ക് വഹിക്കുന്നു.
പുരുഷന്മാരും സ്ത്രീകളും വ്യത്യസ്‌തം
പലപ്പോഴും പുരുഷന്മാർക്കാണ് സ്‌ത്രീകളെക്കാളേറെ മുന്നിലിരിക്കുന്ന വസ്‌തു കാണാൻ സാധിക്കാത്തത്. വിഷ്വൽ സെർച്ച് ടാസ്‌ക്കുകളെക്കുറിച്ചുള്ള പഠനത്തിൽ പുരുഷന്മാരും സ്ത്രീകളും ഒരു ദൃശ്യത്തെ എങ്ങനെ കാണുന്നു എന്നതിൽ ചെറിയ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. അലങ്കോലമായ ചുറ്റുപാടുകളിൽ നിന്ന് വസ്‌തുക്കൾ കണ്ടെത്തുന്നതിൽ സ്‌ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ മികവെന്ന് കണ്ടെത്തി. ഇതിനുള്ള കാരണം എന്താണെന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പലപ്പോഴും ഒരു കുടുംബത്തിൽ ഭർത്താനവിനേക്കാൾ ഭാര്യയ്‌ക്കായിരിക്കും കളഞ്ഞുപോയ വസ്‌തുക്കൾ പെട്ടെന്ന് കണ്ടെത്താനാവുക.
വിഷ്വൽ സെർച്ച് നമ്മുടെ നോട്ടം ഒരു ബിന്ദുവിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചിട്ടയായ രീതിയിൽ കണ്ണുകൾ ചലിപ്പിക്കുന്നതുകൊണ്ടാകാം ചിലർക്ക് എല്ലാം കൃത്യമായി കാണാനും ശ്രദ്ധിക്കാനും സാധിക്കുന്നത്. മറ്റുള്ളവർ വളരെ പെട്ടെന്ന് ഓരോ കാഴ്‌ചകൾ കണ്ട് മറ്റൊന്നിലേക്ക് പോകുന്നു.
അതിനാൽ, നോക്കിയിട്ടും കണ്ടില്ല എന്ന് ആരെങ്കിലും പറയുമ്പോൾ അവർ പറയുന്നത് സത്യമാണെന്ന് നിങ്ങൾ തിരിച്ചറിയണം. അവർ ഏറെ നേരം നോക്കിയിട്ടും കാണാത്തതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ടെന്ന് മനസിലാക്കണം. ഭൂരിഭാഗംപേരെയും പലപ്പോഴും ബാധിക്കുന്ന ഈ പ്രശ്‌നത്തിന് കാരണം തലച്ചോറിലേക്കെത്തുന്ന സിഗ്‌നലുകളാണ്. കൃത്യമായും ചിട്ടയായും സമയമെടുത്ത് നോക്കിയാൽ മാത്രമേ ആ വസ്‌തു കൺമുന്നിലുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കൂ.