മേയ് 24 വരെ വ്യോമപാത അടച്ചിടും; ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ

Tuesday 21 April 2026 4:07 PM IST

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ഒരു മാസം കൂടി നിരോധനം തുടരും. മേയ് 24ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെയാണ് വിലക്ക് തുടരുകയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

വൈകാതെ തന്നെ ഇന്ത്യ ഇതിൽ പ്രതികരിച്ചേക്കും. പാകിസ്ഥാൻ പുറപ്പെടുവിച്ച അതേ കാലാവധിയിൽ പാക് വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിലേക്കുള്ള പ്രവേശനം വിലക്കും. ഇങ്ങനെ സംഭവിച്ചാൽ ഇരുരാജ്യങ്ങളും പരസ്‌പരം വ്യോമപാത അടച്ചിട്ട് 13 മാസങ്ങളാകും. അതേസമയം, മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാർതിർത്തിയിലൂടെ സഞ്ചരിക്കുന്നതിന് വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് കാശ്‌മീരിലെ പഹൽഗാമിൽ 26പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമപാതകൾ അടച്ചത്. പാകിസ്ഥാൻ 2025 ഏപ്രിൽ 24 മുതൽ ഇന്ത്യൻ വിമാനങ്ങൾ വിലക്കി. ഏപ്രിൽ 30 മുതലാണ് പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമപാതയിൽ പ്രവേശിക്കുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.

പാകിസ്ഥാൻ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌തതോ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ ആയ യാതൊരു വിമാനങ്ങൾക്കും പാക് വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതിയില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്. പാകിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 24ന് പുലർച്ചെ 5.30നാണ് അവസാനിക്കുക.