രാജ്യം കൂടുതൽ ഐക്യപ്പെട്ടു, പഹൽഗാമിനു ശേഷം
ആത്യന്തികമായി പഹൽഗാമിന്റെ ചിരന്തന പാരമ്പര്യം ആക്രമണമല്ല. മറിച്ച് അതു സൃഷ്ടിച്ച പ്രതികരണമാണ്. കൂടുതൽ സുരക്ഷിതത്തിന്റെയും ദൃഢചിത്തതയുടെയും ഐക്യത്തിന്റെയും പ്രതികരണമാണത്. ആ ഐക്യത്തിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധം കുടികൊള്ളുന്നത്. പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരു വർഷം.
പഹൽഗാം ഭീകരാക്രമണം കേവലം നിഷ്‌കളങ്കരായ കുറെ മനുഷ്യർക്കുമേൽ നടത്തിയ ആക്രമണം മാത്രമായിരുന്നില്ല. അത് ഇന്ത്യയെന്ന ആശയത്തെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. പാകിസ്ഥാൻ പിന്തുണയുളള തീവ്രവാദ ശൃംഖലകൾ നടത്തിയ ഈ ആക്രമണം. ആത്മവിശ്വാസത്തോടെ സാധാരണ നിലയിലേക്കും പുരോഗതിയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു മേഖലയിലാകെ ഭീതിയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. നമ്മളെ ഭിന്നിപ്പിക്കാനും അസ്ഥിരപ്പെടുത്താനും വിരട്ടാനുമാണ് അവർ ഉദ്ദേശിച്ചതെങ്കിൽ, ഫലം നേരെ മറിച്ചായിരുന്നു. പഹൽഗാം ദേശീയ തലത്തിൽ നമ്മെ ഒരുമിപ്പിക്കാനാണ് സഹായിച്ചത്. അത് നമ്മുടെ സുരക്ഷാ കല്പനയിലെ ഒരു വഴിത്തിരിവായി മാറി. ഒപ്പം ദീകരതയ്ക്കെതിരായ രാജ്യത്തിന്റെ കൂട്ടുത്തരവാദം ഊട്ടിയുറപ്പിക്കുന്നതിനും സഹായിച്ചു.
നമ്മുടെ അതിർത്തികളിൽ ദീകരത ഒരു നയമായിത്തന്നെ കൊണ്ടു നടക്കുന്ന ശക്തികളുണ്ട്. ഇന്ത്യയെ മുറിപ്പെടുത്തുക, ജമ്മു കാശ്മീരിലെ സമാധാനം ഭംഗപ്പെടുത്തുക, ഇതുവഴി അസ്ഥിരതയിൽ കെട്ടിപ്പൊക്കുന്ന ആഖ്യാനത്തെ സാർവദേശീയമാക്കുക എന്നിവയാണ് എക്കാലത്തും ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് നേരിടാനുള്ള ശക്തി ഇന്ത്യ ആർജിച്ചു കഴിഞ്ഞു. ഇത്തരം ഭീഷണികളെയും സംഘർഷങ്ങളെയും ഫലപ്രദമായി നേരിടാനും അവയെ നിർജീവമാക്കാനും കഴിയുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു അദ്ധ്യായമായി മാറിയിരിക്കുകയാണ് പഹൽഗാം.
പഹൽഗാം ആക്രമണത്തോടുളള ഇന്ത്യയുടെ പ്രതികരണം വളരെ ധൃതഗതിയിലുള്ളതും കൃത്യതയാർന്നതും നിർണായകവും ആയിരുന്നു. സുരക്ഷാ സേനകൾക്ക് വളരെ പെട്ടെന്നു തന്നെ രംഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. പ്രദേശം സുരക്ഷിതമാക്കാനും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും സാധിച്ചു. ഇന്റലിജൻസ് ഏകോപനവും കാവൽ സംവിധാനവും ഗ്രൗണ്ടിൽ നിന്നുള്ള പ്രത്യാക്രമണവുമെല്ലാം പഴയതിനെ അപേക്ഷിച്ച് ഏറ്റവും സമർത്ഥമായും സംയോജനത്തോടെയും നടപ്പാക്കാൻ കഴിഞ്ഞു. യഥാർത്ഥത്തിൽ ഇതുകേവലം പ്രതികരണമായിരുന്നില്ല. മറിച്ച് നമ്മുടെ തയ്യാറെടുപ്പുകളുടെ പ്രകടനമായിരുന്നു.
എന്നാൽ ഇന്ത്യയുടെ പ്രതികരണം തന്ത്രജ്‌ഞതയ്ക്കും അപ്പുറമായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നാം രൂപപ്പെടുത്തിയ ഒരു തത്വം ഊട്ടിയുറപ്പിക്കുകയായിരുന്നു. ഭീകരപ്രവർത്തനം വല്ലപ്പോഴും പൊട്ടിപുറപ്പെടുന്ന ക്രമസമാധാന പ്രശ്നമല്ലെന്നും, അത് പല മാനങ്ങളുള്ള, ദേശസുരക്ഷയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന നമ്മുടെ തിരിച്ചറിവിന് ഉദാഹരണമാണെന്നും തെളിയിക്കുകയായിരുന്നു. ഇതിൽ സൈനിക ഇന്റലിജൻസിന്റെ പ്രശ്‌നം മാത്രമല്ല ഉള്ളത്, ഭീകരരുടെ പ്രായോജികരുടെ സാമ്പത്തിക സ്രോത്രസ്സ് കണ്ടെത്തുകയും അവരെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനാകട്ടെ ബലിഷ്ഠമായ ഒരു ഇൻഫർമേഷൻ തന്ത്രവും അനിവാര്യമാണ് .
ഈ അർത്ഥത്തിൽ പഹൽഗാം ഇന്ത്യയുടെ സീറോ ടോളറൻസ് സമീപനം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. തീവ്രവാദ ശൃംഖലയെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുന്ന കാര്യവും കൂടുതൽ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ഇതാകട്ടെ മുൻകാലങ്ങളിൽ അന്താരാഷ്‌ട്ര സമ്മർദങ്ങളുടെയോ ഒരു മുന്നറിയിപ്പിന്റെയോ തലത്തിൽ ഒതുങ്ങിയിരുന്ന സാഹചര്യത്തിൽ നിന്നുള്ള പ്രകടമായ മാറ്റവുമാണ്.
ഇതോടൊപ്പം തന്നെ പ്രധാനമാണ് ഇത്തരം പ്രവർത്തനങ്ങൾ തടയുകയെന്നത്. ഭീകരപ്രവർത്തനം ഉണ്ടായതിനു ശേഷം തിരിച്ചടിക്കുക എന്നതിൽ നിന്ന് അത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന സ്ഥിതി തന്നെ ഒഴിവാക്കുക എന്നതിലാണ് നമ്മുടെ ഊന്നൽ. ഇതിനായി ഭീകരരെ റിക്രൂട്ട് ചെയുന്ന സംവിധാനങ്ങളെ ഇന്ത്യ ഉന്നമിടുന്നു. അവർക്കു ഫണ്ടു നൽകുന്ന സംവിധാനങ്ങളെ തകർക്കുന്നു. ഒപ്പം ഇത്തരം തീവ്രവൽക്കരണ ശ്രമങ്ങൾക്കെതിരായ ചെറുത്തുനില്പും നടത്തുന്നു. ഡാറ്റ അനലറ്റിക്സ് മുതൽ യഥാർത്ഥത്തിൽ അത്തരം സംഭവങ്ങളുണ്ടാകുന്ന സമയം തന്നെ ഇന്റലിജൻസ് സംവിധാനം വിവരങ്ങൾ കൈമാറുന്ന സംവിധാനം വരെ സാധ്യമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും പഹൽഗാമിനോടുള്ള യഥാർത്ഥ പ്രതികരണം ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്നല്ല മറിച്ച് ജനങ്ങളിൽ നിന്നാണുണ്ടായത്
കാശ്മീർ മുതൽ കേരളം വരെയുള്ളവർ പഹൽഗ്രാം ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ചു . ഒരു തരം അപൂർവമായ ഐക്യത്തോടെ വിവിധ പ്രദേശങ്ങളിലുള്ളവരും വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരും വിവിധ രാഷ്ട്രീയാഭിമുഖ്യമുള്ളവരുമെല്ലാം ഭീകരപ്രവർത്തനത്തിനെതിരെ രംഗത്തുവന്നു. പ്രാദേശിക വികാരം മുതലെടുക്കുന്ന കാശ്മീരിൽത്തന്നെയുള്ളവർ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ദീകരാക്രമണത്തിനിരയായവരോട് കാശ്‌മീർ ജനത ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദേശത്തു നടത്തുന്ന ഒരു പ്രസ്താവനയേക്കാൾ പ്രാധാന്യമുണ്ട് ഇതിന്.
രാജ്യത്തുടനീളം ഈ ഭീകരത ഭയമല്ല സൃഷ്ടിച്ചത്. മറിച്ച് അതിനെ എതിർത്തു തോൽപ്പിക്കാനുള്ള വികാരമാണ്. ഈ ദുരന്തത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ പൊതുസംവാദങ്ങൾ തള്ളിക്കളഞ്ഞു. പകരം എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം ഇതിനെ നേരിടാനുള്ള പൊതുവികാരം ഉണർത്തുകയാണുണ്ടായത്. വിഭാഗീയതയിലാണ് ഭീകരപ്രവർത്തനം വേരുറപ്പിക്കുന്നത്. സമൂഹം വിഭജന യുക്തികളെ തള്ളിക്കളയുമ്പോൾ ഭീകരത ദുർബലപ്പെടും.
ഈ ഐക്യം യാദൃശ്ചികമല്ല. ഇത് കാലങ്ങളായി രൂപപ്പെട്ടുവന്ന ദേശീയ ബോധ്യത്തിന്റെ ഫലമാണ്. ഇന്ത്യക്കാർ ഇന്ന് ഭീകരപ്രവർത്തനത്തിന്റെ എല്ലാ വശങ്ങളും നന്നായി മനസ്സിലാക്കിയവരാണ്. അതുകൊണ്ട് ഭീകരത കാട്ടി ഇന്ത്യക്കാരെ സംഭീതിയിലാഴ്ത്താൻ ഒരു ശക്തിക്കും കഴിയില്ല.
ഇന്ത്യയുടെ സുരക്ഷാ പരിതസ്ഥിതിയിൽ ജനങ്ങളുടെ പങ്ക് വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാൽ ജനങ്ങൾക്കിതിൽ വലിയ പങ്കുണ്ടെന്ന് പഹൽഗാം പോലുള്ള സംഭവങ്ങൾ തെളിയിക്കുന്നു. ജനങ്ങളുടെ ഐക്യവും ധാർമിക പിന്തുണയും രാജ്യത്തിനു നിർണായക നടപടികൾ സ്വീകരിക്കാൻ കരുത്തു നൽകുന്നതാണ്. ശത്രുക്കളുടെ നീക്കങ്ങൾ രാജ്യത്തു വിലപ്പോകാൻ പോകുന്നില്ല എന്ന സന്ദേശവും ഇതു നൽകുന്നു.
ഇന്ത്യ ആഗോള ശക്തിയായി ഉയർന്നുവരുന്നതിന്റെ വിശാലമായ സൂചനയും ഇതിലുണ്ട്. സാമ്പത്തിക വളർച്ചയ്ക്കും നയതന്ത്ര സ്വാധീനത്തിനും സാങ്കേതിക പുരോഗതിക്കുമൊക്കെ അടിസ്ഥാനം രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയുമാണ്. ഇതു പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് ഏതു ഭീഷണിയും നേരിടാനാവും. ലോക രംഗത്ത് ഇന്ത്യ അതിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. വളർച്ച കൈവരിക്കാൻ കഴിയും എന്നു മാത്രമല്ല, ആ വളർച്ച സംരക്ഷിച്ചു നിർത്താൻ കഴിയുമെന്നും ഇന്ത്യ തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഇതേ സമയം നമ്മുടെ ശക്തി ഉത്തരവാദിത്വവുമായി തുലനം ചെയ്തു സൂക്ഷിക്കാനും കഴിയുന്നുണ്ട്. അക്രമികളെയാണ് നാം ലക്ഷ്യമിടുന്നത്. അല്ലാതെ അതിർത്തികളിലെ സംഘർഷങ്ങൾ ഊതിക്കത്തിക്കാനല്ല. സംഘർഷങ്ങൾ മൂർച്ഛിപ്പിക്കാതെ സുസ്ഥിരത നിലനിർത്തുന്നതിലെ പക്വമായ സമീപനമാണത്.
അതുകൊണ്ട് പഹൽഗാം ഓർക്കപ്പെടേണ്ട ഒരു ദുരന്തമല്ല. ഇന്ത്യയുടെ ദിശ ഏതെന്നു വ്യക്തമാക്കുന്ന സംഭവമാണത്. നമ്മുടെ സുരക്ഷ എത്ര ക്രിയാത്മകമാണെന്നും. പ്രതികരണങ്ങൾ എത്രയേറെ നിർണായകമാണെന്നും ഐക്യം അചഞ്ചലമാണെന്നും തെളിയിക്കുന്നതാണ് പഹൽഗാം .
എന്നാൽ മുന്നോട്ടുള്ള മാർഗം വെല്ലുവിളികൾ ഇല്ലാത്തതല്ല. തീവ്രവാദ ശൃംഖലകൾ മറ്റു രൂപങ്ങളിൽ വന്നുകൂടായ്കയില്ല. ഇന്ത്യയുടെ ദൃഢനിശ്ചയം ചോദ്യം ചെയ്യാൻ വിദേശ ശക്തികൾ ശ്രമിച്ചുവെന്നും വരാം. എന്നാൽ പഹൽഗാം നൽകുന്ന പാഠങ്ങൾ വ്യക്തമാണ്. ഐക്യത്തോടെ നിൽക്കുന്ന രാജ്യത്തിന്, പാഠങ്ങൾ ഉൾക്കൊണ്ട് ഒരു ഭീഷണിക്കും വഴങ്ങാതെ മുന്നോട്ടു പോകുന്ന രാജ്യത്തിന് ഓരോ വെല്ലുവിളിയിലും കൂടുതൽ വളർച്ച നേടാനാവും എന്നതാണ് ആ പാഠം. ആത്യന്തികമായി പഹൽഗാമിന്റെ ചിരന്തന പാരമ്പര്യം ആക്രമണമല്ല. മറിച്ച് അതു സൃഷ്ടിച്ച പ്രതികരണമാണ്. കൂടുതൽ സുരക്ഷിതത്തിന്റെയും ദൃഢചിത്തതയുടെയും ഐക്യത്തിന്റെയും പ്രതികരണമാണത്. ആ ഐക്യത്തിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധം കുടികൊള്ളുന്നത്.