ഒറ്റൂരിൽ ജലക്ഷാമം രൂക്ഷം
Wednesday 22 April 2026 3:29 AM IST
കല്ലമ്പലം: വേനൽ രൂക്ഷമായതോടെ ഒറ്റൂർ പഞ്ചായത്തിലെ മധുരക്കോട്,നെല്ലിക്കോട്,പ്രസിഡന്റ് ജംഗ്ഷൻ,തോപ്പുവിള തുടങ്ങിയ വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷം.കിണറുകളിൽ വെള്ളം വറ്റിയതാണ് പ്രധാനകാരണം.വാമനപുരം പദ്ധതിയുടെ ഭാഗമായി ശുദ്ധജലം എത്തിയിരുന്ന പൂവൻപാറ ആറ്റിലെ ജലനിരപ്പ് താഴ്ന്നതിനാൽ പമ്പിംഗ് നിറുത്തിവയ്ക്കേണ്ട സ്ഥിതിയാണ്.
പൈപ്പ് ലൈനിലൂടെ നാലു ദിവസങ്ങളുടെ ഇടവേളകളിൽ കുറച്ച് സമയം മാത്രമാണ് ശുദ്ധജലം ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.ആവശ്യക്കാർ കൂടുതലായതിനാൽ ആർക്കും തികയാറില്ലെന്ന പരാതിയും ശക്തമാണ്.മഴ വൈകിയാൽ പ്രശ്നം രൂക്ഷമാകാനാണ് സാദ്ധ്യത. വാട്ടർ അതോറിട്ടിയുമായി ആലോചിച്ച് പരിഹാരം തേടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.