ശക്തിയാർജ്ജിക്കുന്ന ഇന്ത്യ- റഷ്യ ബന്ധം

Wednesday 22 April 2026 2:59 AM IST

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും സ്ഥിരതയുള്ള സൗഹൃദമായാണ് ഇന്ത്യ - റഷ്യ ബന്ധം വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, ഊർജ്ജം, വ്യാപാരം, ബഹിരാകാശം, ആണവരംഗം എന്നീ മേഖലകളിൽ ഈ ബന്ധം ലോക സമ്മർദ്ദങ്ങൾക്കിടയിലും സുശക്തമാണ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിലൂടെയും തന്ത്രപ്രധാനമായ പ്രതിരോധ കരാറുകളിലൂടെയും നാൾക്കുനാൾ ഈ ബന്ധം കൂടുതൽ ദൃഢമായാണ് വളരുന്നത്.

തുറമുഖങ്ങളും സൈനിക താവളങ്ങളും പരസ്‌പരം ഉപയോഗിക്കാൻ അനുമതി നൽകുന്ന 2025-ലെ കരാർ പ്രാബല്യത്തിലായതാണ് ഏറ്റവും ആനുകാലികമായ സംഭവവികാസം. ഇരു രാജ്യങ്ങൾക്കും 3000 സൈനികരെയും അഞ്ച് യുദ്ധക്കപ്പലുകളും വരെ വിന്യസിക്കാൻ അനുമതി നൽകുന്നതാണ് ഇന്തോ - റഷ്യൻ റെസിപ്രോക്കൽ എക്സ്‌ചേഞ്ച് ഒഫ് ലോജിസ്റ്റിക്സ് എഗ്രിമെന്റ് എന്ന ഈ പ്രതിരോധ കരാർ.

2025 ഫെബ്രുവരിയിൽ മോസ്കോയിൽ ഒപ്പിട്ട ഈ നിർണായക കരാർ ഇപ്പോൾ ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. അഞ്ചു വർഷമാണ് കരാറിന്റെ കാലാവധിയെങ്കിലും ഈ സമയപരിധി കഴിഞ്ഞാലും ഇത് പുതുക്കാമെന്ന വ്യവസ്ഥയുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരുപോലെ ഗുണകരമാണ് ഈ കരാർ. ആഗോള സമുദ്ര മേഖലയിലെ പുതിയ തന്ത്രപ്രധാന താവളമായി മാറുന്ന ആർട്ടിക് മേഖലയിൽ കൂടുതൽ സ്വാധീനമുറപ്പിക്കാൻ ഇന്ത്യയ്ക്ക് ഈ കരാർ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുമായും ഇന്ത്യ സമാനമായ ഒരു കരാറിൽ ഒപ്പിട്ടുണ്ടെങ്കിലും അതിൽ പരസ്പരം സൈനികരെ വിന്യസിക്കാൻ അനുമതി നൽകിയിട്ടില്ല. സൈനിക താവളങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും ലോജിസ്റ്റിക് പിന്തുണയ്ക്കുമായി ഇരു രാജ്യങ്ങൾക്കും ഇനി ഉപയോഗിക്കാം.

ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ മദ്ധ്യസ്ഥ ചർച്ചയുടെ ഭാഗമായി ട്രംപ് ഭരണകൂടം പാകിസ്ഥാനുമായും അവിടത്തെ സൈനിക നേതൃത്വവുമായും കൂടുതൽ അടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ - റഷ്യ പ്രതിരോധ കരാർ നിലവിൽ വന്നിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. അമേരിക്കയുടെ പാക് ചായ്‌വ് ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുക്കാൻ ഇടയാക്കിയിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ പറയുന്നത്. ആർട്ടിക് മേഖലയിലെ റഷ്യൻ തുറമുഖങ്ങളിലേക്കു വരെ ഇന്ത്യയ്ക്ക് ഇനി നേരിട്ട് പ്രവേശനം ലഭിക്കും. ഇറാൻ യുദ്ധം കാരണം ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണം തടസപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ യമാൽ പെനിൻസുലയിൽ നിന്ന് പ്രകൃതിവാതക ഇറക്കുമതി വർദ്ധിപ്പിക്കാൻ കരാർ ഇന്ത്യയെ സഹായിക്കും. പകരം, ഇന്ത്യൻ സമുദ്രമേഖലയിൽ റഷ്യയ്ക്ക് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും കഴിയും.

പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾക്കിടയിലും ഇന്ത്യയുടെ നിലപാട് റഷ്യ - ഇന്ത്യ സൗഹൃദത്തിന്റെ തെളിവായി കണക്കാക്കേണ്ടതാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിനുള്ള അംഗീകാരം കൂടിയാണ് പുതിയ കരാറെന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ഇരു രാജ്യങ്ങളുടെയും താത്‌പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നു എന്നതാണ് കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയും റഷ്യയും തങ്ങളുടെ പണം ഉപയോഗിച്ചുള്ള ഇടപാടുകൾക്കാണ് മുൻഗണന നൽകുന്നത്. ചരക്കുനീക്കത്തിനും ഗതാഗതത്തിനും പുതിയ വഴികൾ കണ്ടെത്താനും ശ്രമിക്കുന്നു. നിലനിൽക്കുന്ന ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള നടപടിയായല്ല ഇരു രാജ്യങ്ങളും ഇതിനെ കാണുന്നത്. മറിച്ച്,​ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തേക്കുള്ള സഹകരണത്തിന്റെ പാത സുഗമമാക്കുന്നതാണിത്. പാകിസ്ഥാനോട് മമതയും ഇന്ത്യയോട് അതൃപ്തിയും തുടരുന്ന ചൈന ഒരു വശത്ത് നിൽക്കവെ,​ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അതിശക്തമായി നിലനിൽക്കേണ്ടത് അനിവാര്യമാണ്.