ഒച്ച് ഇഴയും വേഗതയിൽ ദേശീയപാത നിർമ്മാണം

Wednesday 22 April 2026 12:55 AM IST

കല്ലമ്പലം: കല്ലമ്പലം മേഖലയിൽ ദേശീയപാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു.2025 ഡിസംബറിൽ റോ‌ഡിന്റെ നിർമ്മാണം പൂർത്തിയാക്കണമായിരുന്നു.എന്നാൽ പണി എങ്ങുമെത്തിയിട്ടില്ല.നിലവിൽ അനുകൂല കാലാവസ്ഥയായിട്ടും ഒച്ചിന്റെ വേഗതയിലാണ് പണി നടക്കുന്നത്.സർവീസ് റോഡുകളുടെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം പലയിടത്തും കുന്നും കുഴിയും രൂപപ്പെട്ടു.ആഴാംകോണത്ത് മാസങ്ങൾക്ക് മുൻപ് സർവീസ് റോഡിടിഞ്ഞ് താണത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയാണ് ജില്ലയിൽ ദേശീയപാതയുടെ നിർമ്മാണം നടക്കുന്നത്.ആകെ 30 കിലോമീറ്ററാണ് ദൈർഘ്യം.ഇതിൽ 12.5 കിലോമീറ്റർ ദൂരം ആറ്റിങ്ങൽ ബൈപ്പാസാണ്.മാമം പാലത്തിൽ നിന്നാരംഭിച്ച് കല്ലമ്പലത്തിന് സമീപം മണമ്പൂർ ആഴാംകോണത്ത് ദേശീയപാതയുമായി യോജിക്കുന്നതാണ് ബൈപ്പാസ്.ബൈപ്പാസ് നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്.

പരിശോധനയ്ക്ക് ആളില്ല

കരാറുകാരെ ഇടയ്ക്ക് മാറ്റിയെങ്കിലും തൊഴിലാളികളെ നിയന്ത്രിക്കാനോ ഗുണമേന്മ പരിശോധിക്കാനോ പലപ്പോഴും ആരും സ്ഥലത്ത് എത്താറില്ലെന്നും പരാതിയുണ്ട്.വേനൽ മഴയിൽ സർവീസ് റോഡിലെ മിക്ക സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രങ്ങളും സാധന സാമഗ്രികളും മോഷണം പോകുന്നതും പതിവാണ്.പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.

സർവീസ് റോഡില്ല

കല്ലമ്പലം മുതൽ ആഴാംകോണം വരെയുള്ള റോഡ് വെട്ടിപ്പൊളിച്ചിട്ട് 9 മാസത്തോളമായി.സർവീസ് റോഡ് നിർമ്മിക്കാതെയാണ് പ്രധാന റോഡ് വെട്ടിപ്പൊളിച്ചത്.കൂടാതെ പൊടിശല്യം കാരണം നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.കെ.ടി.സി.ടി കോളേജ് കവാടത്തിന് അടുത്തെത്തുമ്പോൾ വാഹനങ്ങൾ ഒരുമിച്ചാണ് വന്നുകയറുക.സർവീസ് റോഡുകൾ നന്നാക്കാത്തതിനാൽ അപകടങ്ങളും പതിവാണ്.

പൊടിശല്യം കാരണം വ്യാപാരികൾക്ക് കട തുറക്കാൻ പറ്റാത്ത അവസ്ഥയാണ്.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപ്പെട്ട് ആളുകൾ ചികിത്സയിലാണ്.റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതരുടെ ഇടപെടലുണ്ടാകണം.

ലെവൻ.സി,

പൊതുപ്രവർത്തകൻ