കിഴങ്ങ് തിന്നാൻ കാട്ടുപന്നികൾ കൃഷി ഉപേക്ഷിച്ച് കർഷകർ

Wednesday 22 April 2026 12:01 AM IST

കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ കർഷകർ കിഴങ്ങുവർഗ കൃഷി ഉപേക്ഷിക്കുന്നു. കാട്ടുപന്നികൾ നാട്ടിലിറങ്ങി മരച്ചീനി ഉൾപ്പെടെയുള്ളവയുടെ മൂട് മാന്തിത്തുടങ്ങിയതോടെയാണ് കർഷകർ കൃഷി മതിയാക്കാൻ തുടങ്ങുന്നത്.വിളവെടുപ്പ് സമയമാകുമ്പോൾ പന്നി,എലി എന്നിവയുടെ ശല്യം മൂലം കർഷകന് മുടക്ക് മുതൽ പോലും ലഭിച്ചിരുന്നില്ല. ഇതോടെ വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽ തന്നെ മരച്ചീനി വിളഞ്ഞ് നശിക്കുന്ന സ്ഥിതിയായിരുന്നു. എന്നാലിപ്പോൾ വിളവെടുക്കും മുമ്പേ പന്നികൾ കൂട്ടമായെത്തി കിഴങ്ങുകൾ ഭക്ഷിച്ച് മടങ്ങുകയാണ്. അതിനാൽ കപ്പയുടെ മൂടെണ്ണം നോക്കി വില പറഞ്ഞ് മരച്ചീനിയെടുക്കാൻ മൊത്ത വില്പനക്കാരും മടിക്കുകയാണ്.വിലയുറപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പന്നിയിറങ്ങി കപ്പയിളക്കി തിന്നുമ്പോൾ വലിയ നഷ്ടമുണ്ടാകുന്നുവെന്നാണ് ഇവരുടെ പരാതി.

 20-30 രൂപ വിലയുണ്ടായിരുന്ന കപ്പയ്ക്ക് ഇപ്പോൾ 50 രൂപയാണ്.

 ഒരു കാലത്ത് കിഴങ്ങ് വിളകൾ കൊണ്ട് സമ്പന്നമായിരുന്ന കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട് മാർക്കറ്റുകൾ ഇന്ന് ശൂന്യമാണ്.