ഹരിപ്പാട്ട് 9 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവ തിരക്കിനിടയിൽ ദേശീയപാതയിൽ തെക്കേനടയ്ക്ക് സമീപം കഴിഞ്ഞദിവസം രാത്രിയിൽ 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആയാപറമ്പ് ആലൂർ വീട്ടിൽ സജിത് (41), പാലക്കാട് ചിറ്റൂർ ചിത്ര നിവാസിൽ രാഹുൽ ( 41 ), ഹരിപ്പാട് തുലാമ്പറമ്പ് തെക്ക് ദീപത്തിൽ പാർത്ഥീവ് കൃഷ്ണൻ(17) സ്വപ്ന ഭവനത്തിൽ ശിവദാസൻ (58), കാർത്തിക ഭവനത്തിൽ ഹരി (57), കരുവാറ്റ ചാലിൽ പ്രതാപ് (41), ഹരിപ്പാട് പൊലീസ് ക്വാർട്ടേഴ്സിൽ ഇജാസ് (37), വെട്ടുവേനി പാലാനിക്കൽ തറയിൽ കണ്ണൻ (59) , വെട്ടുവേനി പ്രതുൽ ഭവനത്തിൽ പരമേശ്വരൻ പിള്ള (61) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിച്ച നായയെ കണ്ടെത്താനാവാത്തത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഹരിപ്പാടും പരിസരപ്രദേശങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യം രൂക്ഷമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തും റവന്യൂ ടവർ കെട്ടിടത്തിലും, കോടതി, റെയിൽവേ സ്റ്റേഷൻ, ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലും തെരുവ് നായകൾ കൂട്ടമായാണ് കാണപ്പെടുന്നത്.