ചൂടിൽ വാടി ക്ഷീരമേഖല, പാക്കറ്റിനും രക്ഷയില്ല !

Tuesday 21 April 2026 10:17 PM IST

ആലപ്പുഴ : കടുത്ത വേനലിൽ പാൽ ലഭ്യതയിലുണ്ടായ ഇടിവും പാൽ കേടാകുന്നതും ക്ഷീരമേഖലയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മിൽമയിൽ നിന്ന് വിതരണം ചെയ്യുന്ന പായ്ക്കറ്റ് പാലുകൾ കേടാകുന്നത് പതിവായിട്ടും ആനുപാതികമായി നഷ്ടം നികത്താൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് സൂചനാ പണിമുടക്കിനൊരുങ്ങുകയാണ് പാൽവിതരണ ഏജൻസികൾ.

കന്നുകാലികൾക്ക് സൂര്യാഘാതം സംഭവിക്കാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ബോധവത്ക്കരണം ശക്തിപ്പെടുത്തി. കൺട്രോൾ റൂം ആരംഭിച്ചു. സൂര്യാഘാതം ബാധിച്ചതായ കേസുകളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ശാരീരിക അസ്വസ്ഥത, കാലിടർച്ച, കിതപ്പ്, നാവ് പുറത്തേക്ക് തള്ളുക, പതയോടെ കൂടിയ ഉമിനീരൊലിപ്പ് ,ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസതടസ്സം, വിറയൽ, അപസ്മാരം എന്നിവയാണ് കാലികൾക്ക് സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങൾ.

ഷീറ്റിട്ട തൊഴുത്തുകളിൽ കാലികൾക്ക് കാറ്റുകൊള്ളാൻ ഫാൻ സ്ഥാപിക്കുന്നതടക്കമുള്ള പ്രതിരോധ മാർഗങ്ങൾ കർഷകർ സ്വീകരിച്ചിട്ടുണ്ട്. താപസമ്മർദ്ദം മൂലം പാൽ ലഭ്യതയിൽ കാര്യമായ കുറവുണ്ടായതായി കർഷകർ പറയുന്നു. ചൂട് കൂടുമ്പോൾ പശുക്കൾ തീറ്റ കുറയ്ക്കും. പച്ചപ്പുൽ ക്ഷാമവും പ്രതിസന്ധിയാണ്.

പാക്കറ്റ് പാൽ കേടാകുന്നു

 മിൽമ വിതരണം ചെയ്യുന്ന പായക്കറ്റ് പാലുകളിൽ നല്ലൊരു ഭാഗം കേടാകുന്നതായുള്ള പരാതിയുമായി ഏജൻസികൾ രംഗത്തെത്തി

 മുൻകാലങ്ങളിൽ ഉപഭോക്താക്കൾ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ സംബന്ധിച്ച് മിൽമ്മയിൽ നിന്ന് ഏജൻസികളിൽ നോട്ടീസ് എത്തിക്കുമായിരുന്നു

 ഇത് ഏജന്റുമാർ പരസ്യമായി പതിക്കുകയും വിതരണം ചെയ്യുകയുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല.

 സാധാരണ നിലയിൽ കേടായ അത്രയും പായ്ക്കറ്റുകൾക്ക് പകരം പാൽ നഷ്ടപരിഹാരമെന്ന നിലയ്ക്ക് നൽകുമായിരുന്നു

 ഇത്തവണ പരാതികൾ കൂടുതലായതിനാൽ നഷ്ടം സഹിച്ച് പാൽ നൽകാനാവില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് ഏജൻസികൾ

കൺട്രോൾ റൂം

04772252636 (പകൽ 10 മുതൽ വൈകിട്ട് 5വരെ) 9847563738 (വൈകിട്ട് 5മുതൽ രാവിലെ 10വരെ)

കേടാകുന്ന പാൽ പാക്കറ്റുകൾക്ക് ആനുപാതികമായി പകരം പാൽ നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു ദിവസത്തെ പാൽ ബഹിഷ്ക്കരിച്ച് പണിമുടക്ക് നടത്താനുള്ള നീക്കത്തിലാണ്

- ദേവരാജൻ, ഏജൻസി

കന്നുകാലികൾക്ക് അത്യാഹിതങ്ങളുണ്ടായാൽ വെറ്ററിനറി ആശുപത്രിയിൽ അറിയിച്ച് വിദഗ്‌ദ്ധ ചികിത്സ തേടണം

- ഡോ.കെ.സി.പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ