കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേ‌ർക്ക് ഗുരുതര പരിക്ക്

Wednesday 22 April 2026 1:31 AM IST

പൂപ്പാറ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ടു പേർക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ (26), തൂത്തുക്കുടി സ്വദേശിനി മഹാ ഐശ്വര്യ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നടുപ്പാറയിലെത്തിയപ്പോൾ വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ശ്രമകരമായാണ് തകർന്ന കാറിൽ നിന്ന് പരിക്കേറ്റ മുഹമ്മദ് റോഷനെയും മഹാ ഐശ്വര്യയെയും പുറത്തെടുത്തത്. പൂപ്പാറ ഭാഗത്ത് നിന്ന് മൂന്നാറിലേക്ക് വന്ന കാറാണ് അപകടത്തിൽപെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. മുഹമ്മദ് റോഷനാണ് കാർ ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.