മൊകേരിയിൽ യൂത്ത് ലീഗ് നേതാവിന് നേരെ അക്രമം

Tuesday 21 April 2026 10:38 PM IST

പാനൂർ: മൊകേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുറ്റിക്കണ്ടി അഷ്റഫിന് (42) നേരെ അക്രമം.കഴിഞ്ഞ ദിവസം രാത്രി മുത്താറി പീടികയിൽ സുഹൃത്തുകളുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് പ്രകോപനവുമില്ലാതെ

മാരാകായുധങ്ങളുമായി ഒരു സംഘം ആക്രമിച്ചത്. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് ലീഗ് ആരോപിച്ചു.

ഒരു സംഘം മർദ്ദിച്ചതിന് ശേഷം നിമിഷങ്ങൾക്കകം പിന്നാലെ വന്ന മറ്റൊരു സംഘവും അഷ്റഫിനെക്രൂരമായി മർദ്ദിക്കുകയായിരുന്നു.അക്രമത്തിൽ കഴുത്തിനും മുഖത്തിനും കൈക്കും കാലിനും പരിക്കേറ്റ അഷ്റഫിനെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ വിജയത്തിനായി സ്‌ക്വാഡ് പ്രവർത്തനം നടത്തിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.തിരഞ്ഞെടുപ്പിൽ അഷ്റഫ് ബൂത്ത് ഏജന്റുമായിരുന്നു.സംഭവത്തിൽ പാനൂർ പൊലീസ് കേസ്സെടുത്തു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല,കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഅദുല്ല, മഹമൂദ് കടവത്തൂർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, അഡ്വ.കെ.എ ലത്തീഫ്, പി.കെ.ഷാഹുൽ ഹമീദ്, വി.നാസർ തുടങ്ങിയവർ സന്ദർശിച്ചു.