14 ലക്ഷം രൂപ വിലയുള്ള അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എസ്എ‌ടി ആശുപത്രിയിൽ

Tuesday 21 April 2026 10:42 PM IST

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലേയ്ക്ക് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ( കെ എസ് എഫ് ഇ ) സി എസ് ആർ ഫണ്ടു വഴി പുതിയ അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ വാങ്ങി നൽകി. ചൊവ്വാഴ്ച ഗൈനക് ലക്ചർ ഹാളിൽ നടന്ന ചടങ്ങിൽ കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ അൾട്രാസൗണ്ട് സ്‌കാനറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ അധ്യക്ഷനായി. ഗൈനക് വിഭാഗത്തിന്റെ ഉപഹാരം വകുപ്പമേധാവി ഡോ സുജമോൾ ജേക്കബ്, കെ വരദരാജന് കൈമാറി.

വൈസ് പ്രിൻസിപ്പൽ ഡോ പി ബിന്ദു, സൂപ്രണ്ട് ഇൻ ചാർജ് ഡോ അജിത്ത്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ സുജമോൾ ജേക്കബ്, ആർ എം ഒ ഡോ കല, ഡോ ഷെർമിൻ നസ്രിൻ, എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യു സുഭാഷ് എന്നിവർ സംസാരിച്ചു. മദർ ഇന്റൻസിവ് ട്രീറ്റ്‌മെന്റ് യൂണിറ്റിലാണ് പുതിയ മെഷീൻ സ്ഥാപിച്ചത്. 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെ എസ് എഫ് ഇ നൂതന സംവിധാനത്തോടെയുള്ള അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എസ് എ ടിക്ക് വാങ്ങി നൽകിയത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം നിത്യേന വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ഒരു അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ കൂടി ലഭ്യമായതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൃത്യതയാർന്ന രോഗ നിർണയം നടത്താൻ ഡോക്ടർമാർക്ക് സഹായകമാകും.