കുപ്പിയിൽ പെട്രോൾ നൽകിയില്ല, പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു

Wednesday 22 April 2026 2:10 AM IST

പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാൻ വിസമ്മതിച്ചതിന് മദ്യ ലഹരിയിലെത്തിയ യുവാക്കൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓമല്ലൂർ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ പ്രക്കാനം ആലുനിൽക്കുന്നതിൽ രഞ്ജിത്തിനെ (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21ന് പുലർച്ചെ 12.45നാണ് സംഭവം. ഹെൽമറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് പരിക്കേറ്റത്. ആക്രമണ സമയം പമ്പിൽ രണ്ടുപേർ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. മറ്റ് രണ്ടു പേർ വിശ്രമത്തിലായിരുന്നു. ബഹളം കേട്ട് ഇവർ എത്തിയപ്പോഴേക്കും ആക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പമ്പിൽ പലപ്പോഴുമെത്തി വാഹനത്തിൽ പെട്രോൾ അടിച്ചിരുന്ന ഇവർ ഏതാനും ദിവസം മുമ്പും കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടിരുന്നു. അന്നും പെട്രോൾ നൽകിയില്ല. ഇതിന്റെ വൈരാഗ്യമായിരിക്കാം കഴിഞ്ഞ ദിവസം പുലർച്ചെ ജീവനക്കരെ ആക്രമിക്കാൻ കാരണമെന്ന് പമ്പ് ഉടമ സുധീപ് കുമാർ വർമ്മ പറഞ്ഞു. പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.