മണൽഖനനം അഴിമതി : ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം, കൂടുതൽ പരിശോധനയ്ക്ക് വിജിലൻസ്

Tuesday 21 April 2026 11:39 PM IST

ആലപ്പുഴ: മണൽ ഖനനത്തിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽവിജിലൻസ് പരിശോധന നടത്തും​. ചേർത്തലയിലെ ജില്ല മൈനിംഗ് ആൻഡ് ജിയോളജി ഓഫിസിലും ചേർത്തല തെക്ക് പഞ്ചായത്ത് ഓഫിസിലും നടത്തിയ പരിശോധനയിൽ ക്രമ​ക്കേട്​ ക​ണ്ടെത്തിയ സാഹചര്യത്തിലാണ് തുടർ​നടപടി. മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിലെ ഡ്രൈവറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഖനന ലൈസൻസ് എടുത്തവർ പണം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇത് എന്തിനുവേണ്ടിയാണെന്ന്​ വിശദമായി പരിശോധിക്കും. ഇതിനൊപ്പം ജില്ലയിൽ ഖനന അനുമതി നേടിയ ഇടങ്ങളിലെത്തിയും പരിശോധന നടത്തും. വീട് നിർമിക്കുന്നതിനും കെട്ടിടം നിർമിക്കാനും മണൽ നീക്കം ചെയ്യുന്നതിനായി ഖനാനുമതി വാങ്ങി ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയിലും അന്വേഷണമുണ്ടാകും. മണൽ ഖനനം ചെയ്തശേഷം ഇവിടെ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടോയെന്ന്​ പരിശോധിക്കു​മെന്ന്​ വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.