ഗൂർഖാമണ്ണിൽ അമിത് ഷായുടെ പ്രഖ്യാപനം; അധികാരത്തിലെത്തിയാൽ ആറ് മാസത്തിനുള്ളിൽ പ്രശ്‌ന പരിഹാരം

Wednesday 22 April 2026 12:45 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഗൂർഖാ പ്രശ്‌നം ആറ് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ഗൂർഖാ സംഘടനകൾ ആവശ്യപ്പെടുന്ന ഗൂർഖാലാൻഡ് നടപ്പാക്കുന്ന കാര്യം വ്യക്തമാക്കിയില്ല. ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്ന ദിവസം വടക്കുകിഴക്ക് മേഖലയിലേക്കുള്ള ജംഗ്‌ഷൻ എന്നറിയപ്പെടുന്ന ബംഗാളിലെ സിലിഗുരിയിൽ നിന്ന് 28 കിലോമീറ്റർ അകലെ കുർസിയോംഗ് മണ്ഡലത്തിലായിരുന്നു ഷായുടെ റാലി. മേഖലയിൽ സ്വാധീനമുള്ള ഗൂർഖാ വിഭാഗങ്ങൾ ബി.ജെ.പിക്ക് വടക്കൻ ബംഗാളിലെ ആധിപത്യമുറപ്പിക്കുന്നതിൽ നിർണായകമാണ്. അതിനാൽ ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്‌മിനിസ്ട്രേഷൻ ഭരണമുള്ള ഡാർജിലിംഗ് ജില്ലയിലെ കുർസിയോംഗ് തിരഞ്ഞെടുത്തത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ.

ബി.ജെ.പിക്ക് മാത്രമേ ഗൂർഖകൾക്കായി ഒരു പരിഹാരം കണ്ടെത്താനാകൂയെന്ന് ഷാ പറഞ്ഞു. 'ബി.ജെ.പി മാത്രമാണ് ഗൂർഖകളുടെ ആശങ്കകളും അഭിലാഷങ്ങളും മനസിലാക്കുന്നത്. അതിനാൽ ബംഗാളിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ ഓരോ ഗൂർഖയുടെയും മുഖത്ത് പുഞ്ചിരി വിരിയും. നിങ്ങൾക്ക് സമാധാന ജീവിതം ഞങ്ങൾ കണ്ടെത്തും. മമത സർക്കാർ പരിഹാരത്തിന് തയ്യാറല്ല. വിളിച്ച മൂന്ന് യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തില്ല.

മുമ്പ് കേന്ദ്രം ഭരിച്ച കോൺഗ്രസും ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന തൃണമൂലും ഡാർജിലിംഗിനോടും ഗൂർഖാ സഹോദരന്മാരോടും അനീതി കാണിച്ചു. വർഷങ്ങൾ നീണ്ട അവഗണന അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. എസ്‌.ഐ‌.ആറിൽ പുറത്തായ ഗൂർഖകളുടെ പേരുകൾ വോട്ടർപ്പട്ടികയിൽപ്പെടുത്തും. ഗൂർഖകൾക്കെതിരായ വ്യാജ കേസുകൾ പിൻവലിക്കും. ഡാർജിലിംഗ് നിരന്തരം ബി.ജെ.പിയെ പിന്തുണച്ചു. സംസ്ഥാനത്തെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് ഭാഗങ്ങളിലും പാർട്ടിക്ക് പിന്തുണ ആവശ്യമാണ്. ഇത്തവണ ബംഗാൾ ദീദിയെ (മമത) പുറത്താക്കാൻ തീരുമാനിച്ചു. ആദിവാസികൾക്കും കുന്നിൻ പ്രദേശങ്ങളിലെ ജനങ്ങൾക്കുമുള്ള മമത സർക്കാരിന്റെ മൊത്തം ബഡ്‌ജറ്റ് 2,000 കോടി രൂപമാത്രമാണ്. മുസ്ലിങ്ങൾക്കും മദ്രസകൾക്കും വേണ്ടി 5,800 കോടി രൂപയും നീക്കിവച്ചു. ഈ അനീതി അധികകാലം നിലനിൽക്കില്ല"- ഷാ പറഞ്ഞു.

കുർസിയോംഗിൽ 1972ൽ സ്ഥാപിച്ച സുക്‌ന മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ വിശാലമായ മൈതാനത്തെ പന്തലിൽ ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ (ജി.എൻ.എൽ.എഫ്) പച്ചക്കൊടിയേന്തിയ നൂറുകണക്കിന് പ്രവർത്തകരുണ്ടായിരുന്നു. ഷായുടെ ഓരോ പ്രഖ്യാപനവും അവർ കൈയടിയോടെ സ്വീകരിച്ചു. ഗൂർഖാ പ്രാദേശിക നേതാക്കൾ നൽകിയ ഗൂർഖ തൊപ്പി ധരിച്ചാണ് ഷാ പ്രസംഗിച്ചതും. ഡാർജിലിംഗിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരിക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.