ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം: 11 മരണം

Wednesday 22 April 2026 1:49 AM IST

ഗാസ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായി പാലസ്തീൻ ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപം മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഖാൻ യൂനിസിന് കിഴക്കുള്ള ഷെയ്ഖ് നാസർ അയൽപക്കത്തിന് സമീപം ചൊവ്വാഴ്ച ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ മറ്റൊരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു.വടക്കൻ ഗാസയിൽ ബെയ്റ്റ് ലാഹിയയുടെ വടക്ക് പടിഞ്ഞാറ് കുടുയേറ്റ കുടുംബങ്ങൾ താമസിച്ചിരുന്ന ടെന്റുകൾക്ക് നേരെയുണ്ടായ ഇസ്രയേഷൽ ഷെല്ലാക്രമണത്തിൽ ഒരു പാലസ്തീൻ യുവതി കൊല്ലപ്പെട്ടു.

മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം ഗാസ സിറ്റി: ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം ഗാസയിലെ ആശുപത്രികളിൽ മരുന്നുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ഗുരുതരമായ ക്ഷാമം നേരിടുന്നതായി അന്താരാഷ്ട്ര സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്. 2026 ജനുവരി ഒന്നിന് ശേഷം ഗാസയിലേക്ക് മെഡിക്കൽ സാമഗ്രികൾ എത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി. പുതിയ മെഡിക്കൽ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ എത്തിക്കാൻ കഴിയാത്തത് ശസ്ത്രക്രിയകളെയും ബാധിക്കുന്നുണ്ടെന്നും എംഎസ്എഫ് മെഡിക്കൽ ഉപദേശകൻ റാൻഡ അബു എൽ-ഖൈർ മസൂദ് പറഞ്ഞു.നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് പരമാവധി സേവനം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തടസ്സമില്ലാതെ മരുന്നുകളും ഉപകരണങ്ങളും എത്തിക്കാതെ ഗാസയിലെ ആരോഗ്യരംഗത്തെ തകർച്ച തടയാനാവില്ലെന്ന് എംഎസ്എഫ് മുന്നറിയിപ്പ് നൽകി.