ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും നോബൽ സമ്മാനം നൽകണമെന്ന് പ്രമേയം

Wednesday 22 April 2026 1:52 AM IST

ഇസ്‌ലാമാബാദ്:പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും കരസേന മേധാവി ജനറൽ അസിം മുനീറിനെയും നോബൽ സമാധാന സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിലെ പ്രവിശ്യ അസംബ്ലികൾ പ്രമേയം പാസാക്കി.അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്തുന്നതിനും ആഗോള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരുവരും വഹിച്ച പങ്കിനെ മുൻനിർത്തിയാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്.ഇന്നലെ ഖൈബർ പഖ്തൂൺഖ്വ അസംബ്ലിയിൽ നിയമസഭാംഗമായ ഫറാ ഖാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഇരുവരും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതായും അവകാശപ്പെടുന്നുണ്ട്.സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ ഷെരീഫിനെയും മുനീറിനെയും ഔദ്യോഗികമായി ശിപാർശ ചെയ്തുകൊണ്ടാണ് പ്രമേയം അവസാനിപ്പിച്ചത്. ഷെഹ്ബാസിനും മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെടുന്ന സമാനമായ പ്രമേയം മുൻപ് പഞ്ചാബ് നിയമസഭയും ഏകകണ്ഠമായി പാസാക്കിയിരുന്നു.