'സമാധാനത്തിൽ' അനിശ്ചിതത്വം ചർച്ചയ്ക്കില്ലെന്ന് ഇറാൻ ഭീഷണിയുമായി ട്രംപ്
ട്രംപ് നേരിട്ട് പങ്കെടുത്തേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: യു.എസ്-ഇറാൻ വെടിനിറുത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം നിലനിൽക്കെ സമാധാന ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നു. ഭീഷണി നിലനിൽക്കെ ഇസ്ലാമാബാദിലെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. തുറമുഖങ്ങളുടെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അടിവരയിട്ട ഇറാൻ ചർച്ചയ്ക്കായി പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പുറപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ കരാറിലെത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെയും ഭീഷണി ആവർത്തിച്ചു. വെടിനിറുത്തലിന് ട്രംപിന് താത്പര്യമില്ല. ചർച്ചയ്ക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അടങ്ങുന്ന സംഘം ഇന്ന് പാകിസ്ഥാനിലെത്തും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും കരസേനാ മേധാവി അസിം മുനീറിന്റെയും നേതൃത്വത്തിൽ അതീവ സുരക്ഷാ മേഖലയായ റെഡ് സോണിലാണ് ചർച്ചകൾ നടക്കുക. ഇന്ന് ചർച്ചകൾ പുനരാരംഭിക്കുമെന്നും രണ്ടാഴ്ചത്തേക്ക് കൂടി വെടിനിറുത്തൽ നീട്ടാൻ യു.എസിനോടും ഇറാനോടും ആവിശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു.
അതിനിടെ ഇന്നത്തെ ചർച്ച വിജയിക്കുകയാണെങ്കിൽ കരാറിൽ ഒപ്പിടുന്നതിനായി ട്രംപ് നേരിട്ടെത്തിയേക്കുമെന്ന റിപ്പോർട്ടുകളും വന്നു. വീഡിയോ കോൺഫറൻസ് വഴി സമാധാനചർച്ചകളിൽ പങ്കുചേരുമെന്നും സൂചനയുണ്ട്. അതിനിടെ ചരക്കുകപ്പലായ 'ടൗസ്‌ക' യു.എസ് പിടിച്ചെടുത്തതിൽ ഇറാൻ ശക്തമായി അപലപിച്ചിട്ടുണ്ട്. ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിലാണ് ഇറാൻ.അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ആണവായുധങ്ങൾ വികസിപ്പിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ആവർത്തിച്ചു.
മിഡ്നെറ്റ് ഹാമർ
ഓർമ്മിപ്പിച്ച് ട്രംപ്
അതിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ ഓർമ്മിപ്പിച്ച് ട്രംപ് രംഗത്തെത്തി. കരാറിലെത്തിയില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്നാണ് ഭീഷണി. ഇറാന്റ ആണവകേന്ദ്രങ്ങളെ സമ്പൂർണമായി തകർത്തെന്ന് ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു. ഇറാനിൽ നിന്ന് യുറേനിയം വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടേറിയ നടപടിയാണെന്നും പറഞ്ഞു.
ഉപരോധം ലംഘിച്ച്
മൂന്ന് കപ്പലുകൾ
ഹോർമുസ് കടലിടുക്കിൽ യു.എസിന്റെ നാവിക ഉപരോധം ലംഘിച്ച് മൂന്ന് ചരക്കുകപ്പലുകൾ. ഇതിൽ ഒന്ന് ഇറാൻ കപ്പലാണ്.യു.എസ് നാവികസേനയുടെ കർശനമായ നിരീക്ഷണവും വിലക്കും നിലനിൽക്കുന്ന മേഖലയിലാണ് കപ്പലുകൾ പ്രവേശിക്കാൻ ശ്രമിച്ചത്.തടയാൻ യു.എസ് യുദ്ധക്കപ്പലുകൾ നീക്കം തുടങ്ങിയതോടെ അവ ജാഗ്രതയിലാണ്. അതേസമയം ഇറാനിയൻ കപ്പൽ യു.എ.ഇയിലെ ഖോർ ഫക്കൻ തീരത്താണെന്ന് ഫക്കാൻ തീരത്താണെന്നും റിപ്പോർട്ടുകൾ പറയുന്നു.മറ്റ് കപ്പലുകളുകളെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല.
ഹോർമുസ് തുറക്കണം:
ഷീ ജിൻപിംഗ്
ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അത് സാധാരണ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്.
ഹോർമുസ് പ്രതിസന്ധി പരിഹരിക്കേണ്ടത് ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല.തുടർച്ചയായ അടച്ചുപൂട്ടൽ അന്താരാഷ്രട പ്രതിസന്ധിയാണ്
- ഖത്തർ
കരാറിലെത്താനിയില്ലെങ്കിൽ ഇറാനിൽ ബോംബിടും. ഇറാന് ചൈനയിൽ നിന്നുള്ള സമ്മാനവുമായിയെത്തിയ കപ്പൽ തടഞ്ഞു. സമ്മാനം അത്ര നല്ലതായിരുന്നില്ല.